ഗസ്സയിലേക്കുള്ള സൗദിയുടെ 59-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തിയപ്പോൾ
യാംബു: ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി സൗദിയുടെ 59ാമത് വിമാനം ഈജിപ്തിലെത്തി. ഈജിപ്തിലെ വടക്കൻ സിനായ് ഗവർണറേറ്റിലുള്ള അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുരിതാശ്വാസവിമാനം കഴിഞ്ഞ ദിവസം എത്തിയത്.സൗദി പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) ആഭിമുഖ്യത്തിൽ അയച്ച വിമാനത്തിൽ ഗസ്സ മുനമ്പിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് എത്തിക്കുന്നതിനായി ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയടങ്ങുന്ന അടിയന്തിര ദുരിതാശ്വാസ വസ്തുക്കളാണ് ഉള്ളത്.
ഫലസ്തീനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദി തുടരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് വിമാനം അയച്ചത്. റിയാദിൽനിന്ന് പുറപ്പെട്ട വിമാനം അൽ അരിഷ് വിമാനത്താവളത്തിലിറങ്ങി. ഇവിടെനിന്ന് റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായവസ്തുക്കൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.കടുത്ത ക്ഷാമം അനുഭവിക്കുന്ന ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയുടെ ദുരിതവും പ്രയാസകരമായ ജീവിത സാഹചര്യങ്ങളും ലഘൂകരിക്കുന്നതിന് കെ.എസ് റിലീഫ് വഴി സൗദി നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം അയച്ച ദുരിതാശ്വാസവിമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.