വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് അസ്സബാഹ് ഈജിപ്ത് വിദേശകാര്യമന്ത്രി
ഡോ.ബദർ അബ്ദുലട്ടികൊപ്പം
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷവും അത് പരിഹരിക്കാനുള്ള ശ്രമങ്ങളും ചർച്ചചെയ്തു കുവൈത്ത് ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ. ഈജിപ്തിലെത്തിയ വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് അസ്സബാഹ് ഈജിപ്ത് വിദേശകാര്യമന്ത്രി ഡോ.ബദർ അബ്ദുലട്ടിയുമായി ചർച്ച നടത്തി.
യു.എസ്-ഇറാൻ യുദ്ധത്തിലെ വഷളാകൽ ഒഴിവാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും, സംഘർഷത്തിന് പരിഹാരം തേടുന്ന ചർച്ചകൾ സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും വിലയിരുത്തി.
കുവൈത്തും ഈജിപ്തും തമ്മിലുള്ള ചരിത്രപരവും സഹോദരപരവുമായ ബന്ധങ്ങൾ ഇരുവരും ഉണർത്തി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നതിന് ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്ന് മന്ത്രിമാർ സൂചിപ്പിച്ചു.
പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ ഈജിപ്ത് വഹിക്കുന്ന നിർണ്ണായക പങ്കിനും പിന്തുണക്കും ശൈഖ് ജറാഹ് നന്ദി പ്രകടിപ്പിച്ചു.
ഉഭയകക്ഷി സഹകരണവും നിക്ഷേപവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈജിപ്ത് വിദേശകാര്യ മന്ത്രി ആവർത്തിച്ചു. കുവൈത്തിനുള്ള ഈജിപ്തിന്റെ പിന്തുണ അചഞ്ചലമായി തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു.
വിശാലമായ അറബ് മേഖലയെ ചുറ്റിപ്പറ്റിയുള്ള ഏതൊരു ചർച്ചയിലും ഗൾഫ് അറബ് രാജ്യങ്ങളുടെ സുരക്ഷയാണ് കേന്ദ്രബിന്ദു എന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ.ബദർ അബ്ദുലട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.