ജിദ്ദ ഇസ്ലാമിക് പോർട്ടിൽനിന്ന് ചെങ്കടൽ പര്യവേക്ഷണ യാത്ര ആരംഭിച്ചപ്പോൾ
ജിദ്ദ: ദേശീയ വന്യജീവി വികസന കേന്ദ്രം ചെങ്കടൽ പര്യവേക്ഷണ യാത്ര ആരംഭിച്ചു.
ജിദ്ദ ഇസ്ലാമിക് പോർട്ടിൽനിന്ന് ആഗോള ഗവേഷണ കപ്പലായ 'ഓഷ്യൻ എക്സ്പ്ലോറർ', കിങ് അബ്ദുൽ അസീസ് സർവകലാശാലയുടെ ദേശീയ കപ്പലായ 'അൽ അസീസി' എന്നിവയിലാണ് യാത്ര ആരംഭിച്ചത്. 126 ഗവേഷകർ ഉൾപ്പെടുന്ന യാത്രയിൽ ചെങ്കടലിലെ ജീവികളെ കുറിച്ച് പഠിക്കാനുള്ള ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.
തെക്കൻ ചെങ്കടലിലെ അഫീഫി പ്രദേശം മുതൽ വടക്ക് അഖബ ഉൾക്കടൽ വരെ മുമ്പ് പഠനം നടത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലെ ആദ്യത്തെ സമഗ്രമായ സർവേയും യാത്രയിലുൾപ്പെടും.
ഈ മേഖലകളെക്കുറിച്ചുള്ള ഡോക്യുമെൻററിയും നിർമിക്കും. ചെങ്കടലിന്റെ ചുറ്റുപാടുകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനും ജീവികളെ കുറിച്ച് പഠിക്കാനുമാണ് യാത്ര ലക്ഷ്യമിടുന്നതെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ പറഞ്ഞു.
ജൈവവൈവിധ്യവും പാരിസ്ഥിതിക സവിശേഷതകളും സംബന്ധിച്ച പഠനങ്ങളുണ്ടാകും. ചെങ്കടലിൽ ധാരാളമായി കാണപ്പെടുന്ന പവിഴപ്പുറ്റുകൾ, കടൽപ്പുല്ലുകൾ, കടലാമകൾ, മറ്റു ജീവികൾ എന്നിവയുടെ ബയോമാപ്പുകളും പദ്ധതിക്കു കീഴിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
19 ആഴ്ചകൊണ്ട് രാജ്യത്തെ തീരപ്രദേശങ്ങളിലെ പരിസ്ഥിതി കണ്ടെത്തുന്നതിന് സമ്പൂർണ സർവേകൾ നടത്തുന്നതിന് കേന്ദ്രം ശാസ്ത്രീയവും സാങ്കേതികവുമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. നിയോം, അമാല പദ്ധതി, റെഡ് ടീ പദ്ധതി, കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ്, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറൈൻ സയൻസിൽ പുതുതായി ബിരുദം നേടിയ ദേശീയ കേഡറുകളിൽ നിന്നുള്ള കേന്ദ്രത്തിലെ ഗവേഷകരെ ഉൾപ്പെടുത്തി മികച്ച ശാസ്ത്രീയ പരിശീലനങ്ങൾ പരിശീലിപ്പിക്കാൻ കേന്ദ്രത്തിന് താൽപര്യമുണ്ടെന്ന് ഡോ. കുർബാൻ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.