കിങ് സൽമാൻ റോയൽ റിസർവിലെ ചുവന്ന കുറുക്കൻ

പരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ചുവന്ന കുറുക്കന്മാർ

യാംബു: സൗദിയുടെ വടക്കൻ മേഖലയിലെ പ്രകൃതി സംരക്ഷിത പ്രദേശമായ കിങ് സൽമാൻ റോയൽ റിസർവ് വനത്തിലെ ചുവന്ന കുറുക്കന്മാർ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തൽ. പ്രാദേശികമായി ‘അബു ഹുസൈൻ’ എന്നറിയപ്പെടുന്ന ഈ ജീവികൾ പ്രകൃതിയുടെ സംരക്ഷകരാണെന്ന് റിസർവ് അധികൃതർ വെളിപ്പെടുത്തുന്നു.

അറബ് നാടോടിക്കഥകളിൽ ബുദ്ധിയുടെയും വിവേകത്തിെൻറയും പ്രതീകമായ ഇവ, എലികൾ, പാമ്പുകൾ, പല്ലികൾ, പ്രാണികൾ എന്നിവയെ വേട്ടയാടി ഭക്ഷിക്കുന്നതിലൂടെ ജൈവവൈവിധ്യം നിലനിർത്തുന്നു. ഏതുതരം കഠിനമായ ഭൂപ്രകൃതിയോടും പെട്ടെന്ന് ഇണങ്ങി ജീവിക്കാനുള്ള സവിശേഷമായ കഴിവ് ഈ ജീവികൾക്കുണ്ട്. നാട്ടിലെ കുറുനരിയോട് രൂപസാദൃശ്യമുള്ള ഇവ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സംരക്ഷിത മേഖലയായ കിങ് സൽമാൻ റോയൽ റിസർവിൽ ധാരാളമായുണ്ട്. പരിസ്ഥിതിയിലെ ചെറിയ ജീവികളുടെ എണ്ണം അമിതമായി വർധിക്കാതെ നിയന്ത്രിക്കുന്നതിൽ ഇവയുടെ പങ്ക് സൗദി പരിസ്ഥിതി വകുപ്പ് വിലയിരുത്തിയിട്ടുണ്ട്.

മെലിഞ്ഞ ശരീരം, ചുവപ്പ് കലർന്ന തവിട്ടുനിറം, അറ്റത്ത് വെള്ള നിറമുള്ള വലിയ വാലുകൾ, മികച്ച കാഴ്ച-കേൾവി ശക്തികൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ശൈത്യകാലത്ത് ആരംഭിക്കുന്ന പ്രജനനകാലത്ത് പെൺ കുറുക്കൻ 52 ദിവസത്തെ ഗർഭകാലത്തിനുശേഷം വസന്തത്തിെൻറ തുടക്കത്തിൽ രണ്ട് മുതൽ ആറ് വരെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. ആൺ കുറുക്കൻ ആദ്യ ആഴ്ചകളിൽ ഇവയ്ക്ക് സംരക്ഷണം നൽകും. സൗദി പരിസ്ഥിതി മന്ത്രാലയവും റിസർവ് വികസന അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളിലൂടെ വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളുടെ എണ്ണത്തിൽ വലിയ വർധനവാണ് സമീപകാലത്തായി സൗദിയിൽ ഉണ്ടായിട്ടുള്ളത്.

Tags:    
News Summary - Red foxes help maintain ecological balance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.