'സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം' - ഇന്ത്യൻ എംബസി
റിയാദ്: നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സാഹചര്യങ്ങളിൽ വീടുകളിൽ തന്നെ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു. പ്രാദേശിക അധികാരികൾ ഔദ്യോഗിക മാർഗങ്ങളിലൂടെ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എംബസി അഭ്യർഥിച്ചു.
സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നിന്നും വീണ്ടും പോസ്റ്റ് ചെയ്യുന്നതിൽ നിന്നും ഇന്ത്യൻ പൗരന്മാർ വിട്ടുനിൽക്കണമെന്നും എംബസി പ്രത്യേകമായി മുന്നറിയിപ്പ് നൽകി.
റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും വി. എഫ്. എസ് മുഖേന നൽകുന്ന ഔട്ട്‌സോഴ്‌സ് സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായി എംബസി അറിയിച്ചു. ആവശ്യമായ സാഹചര്യങ്ങളിൽ പുതിയ വിവരങ്ങളും നിർദേശങ്ങളും നൽകുമെന്നും വ്യക്തമാക്കി.
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (പി.ബി.എസ്.കെ) 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്‌ലൈൻ 8002471234 എന്ന നമ്പറിൽ ലഭ്യമാണ്. ഇന്ത്യൻ സമൂഹത്തിന് പുതിയ വിവരങ്ങൾക്കായി എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.