റിയാദ് ആക്രമിക്കാൻ ഉപയോഗിച്ച ബാലിസ്റ്റിക് ലോഞ്ചർ സഖ്യസേന തകർത്തു
സനാഅ/റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ മിസൈലാക്രമണം നടത്താൻ ഉപയോഗിച്ച ബാലിസ്റ്റിക് റോക്കറ്റ് ലോഞ്ചർ അറബ് സഖ്യസേന തകർത്തു. സൗദിക്കുനേരെ പെട്ടെന്നുള്ള മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെ യമൻ തലസ്ഥാനമായ സനാഅയിൽ വെച്ചാണ് സൈനിക നടപടിയിലൂടെ ലോഞ്ചർ തകർത്തതെന്ന് യമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ഒക്ടോബർ 6, 7 (ചൊവ്വ, ബുധൻ) തീയതികളിൽ അബ്ഹ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഭീകരാക്രമണമുണ്ടായതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി വ്യക്തമാക്കി. ആക്രമണം നടന്നയുടൻ തന്നെ എമർജൻസി റെസ്പോൺസ് സംഘങ്ങളും സുരക്ഷാ ഏജൻസികളും മുൻകൂട്ടി നിശ്ചയിച്ച അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചു.
അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ പൗരന്മാരായ രണ്ട് വനിതാ പ്രവാസികൾ കൊല്ലപ്പെട്ടു. കൂടാതെ, സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പൈൻസ് സ്വദേശികളായ രണ്ട് പ്രവാസികളും ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് നിസ്സാരവും ഗുരുതരവുമാണ്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സുഡാൻ പൗരനായ ഒരു പ്രവാസി കൊല്ലപ്പെട്ടു. അഞ്ച് സൗദി പൗരന്മാർ, രണ്ട് ഈജിപ്ഷ്യൻ പ്രവാസികൾ, ഒരു പാകിസ്ഥാൻ പ്രവാസി എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.