യാംബു: സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾക്ക് കരുത്തുപകർന്ന് എണ്ണയിതര കയറ്റുമതിയിൽ രാജ്യം വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. 2025-ൽ 624,00 കോടി റിയാലിെൻറ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയാണ് അടയാളപ്പെടുത്തിയത്. 2024-ൽ 543,00 കോടി റിയാലായിരുന്നു വാർഷിക കയറ്റുമതി.
രാജ്യത്തിെൻറ മൊത്തം കയറ്റുമതി വിഹിതത്തിൽ എണ്ണയിതര മേഖലയുടെ പങ്ക് 39 ശതമാനത്തിൽ നിന്ന് 44 ശതമാനമായി ഉയർന്നത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഏറ്റവും പുതിയ ആഗോള ഡാറ്റ പ്രകാരം വളർച്ചാനിരക്കിെൻറ കാര്യത്തിൽ ജി-20 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണ് ഇപ്പോൾ സൗദി അറേബ്യ.
സമീപ വർഷങ്ങളിൽ രാജ്യത്തിെൻറ എണ്ണയിതര കയറ്റുമതി സ്ഥിരമായ വളർച്ചയാണ് കാഴ്ചവെക്കുന്നത്. 2021-ൽ 325,00 കോടി റിയാലായിരുന്ന കയറ്റുമതി മൂല്യം 2022-ൽ 468,00 കോടിയിലേക്കും 2023-ൽ 477,00 കോടിയിലേക്കും ഉയർന്നിരുന്നു. ഈ മുന്നേറ്റം 2024-ൽ 543,00 കോടിയിലും 2025-ൽ 624,00 കോടിയിലും എത്തിയത് രാജ്യത്തിെൻറ സാമ്പത്തിക നയങ്ങളുടെ വിജയമായാണ് കണക്കാക്കുന്നത്.
ഇതേ കാലയളവിൽ പെട്രോകെമിക്കൽ ഇതര കയറ്റുമതി മൂല്യം 58,00 കോടി റിയാലിൽ നിന്ന് 78,00 കോടി റിയാലായി ഗണ്യമായി വർധിച്ചു. മൊത്തം എണ്ണയിതര വസ്തുക്കളുടെ വിഹിതം 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായും ഉയർന്നിട്ടുണ്ട്.
യന്ത്രസാമഗ്രികൾ, മെക്കാനിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിയിലാണ് പ്രധാനമായും വലിയ മുന്നേറ്റമുണ്ടായത്. ഇവയുടെ കയറ്റുമതി മൂല്യം 430 കോടി റിയാലിൽ നിന്ന് 750 കോടി റിയാലായി വർധിച്ചു. കൂടാതെ വളം കയറ്റുമതി 69 ലക്ഷം ടണ്ണിൽ നിന്ന് 1.8 കോടി ടണ്ണായും ഉയർന്നു. 2025-ലെ മൊത്തം സേവന കയറ്റുമതിയുടെ 77 ശതമാനവും യാത്രാ-ഗതാഗത മേഖലകളിൽ നിന്നായിരുന്നു.
പുനർ കയറ്റുമതി മേഖലയും ത്വരിതഗതിയിലുള്ള വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ലെ 91,00 കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 2025-ൽ 139,00 കോടി റിയാലിലെത്തി 53 ശതമാനത്തിെൻറ വാർഷിക വർധനവാണ് ഉണ്ടായത്. യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പുനർ കയറ്റുമതിയിൽ ഉണ്ടായ വർധനവാണ് ഈ നേട്ടത്തിന് പ്രധാന കാരണമായത്. ഈ മേഖലയിലെ മൂല്യം 2021-ലെ 11,00 കോടി റിയാലിൽ നിന്ന് 2025-ൽ 74,00 കോടി റിയാലായി ഉയർന്നത് രാജ്യത്തിെൻറ വ്യാപാര ഭൂപടത്തിൽ നിർണായക മാറ്റങ്ങൾ അടയാളപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.