യാമ്പു റിയല്‍ എസ്റ്റേറ്റ്  മേഖലയും പ്രതിസന്ധിയില്‍ 

യാമ്പു: തൊഴില്‍ പ്രതിസന്ധി കാരണം നിരവധി തൊഴിലാളികള്‍ നാടണയുന്നതൊടെ യാമ്പുവിലെ റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലാകുമെന്ന് വിലയിരുത്തപ്പെടുന്നു. കരാര്‍ കമ്പനികളുടെ കീഴിലാണ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ തൊഴിലാളികളെ ഏറെയും റിക്രൂട്ട് ചെയ്യുന്നത്. പുതിയ പ്രോജക്ടുകള്‍ ഇല്ലാത്തതും വ്യവസ്ഥപ്രകാരം വേതനം നല്‍കാന്‍ കമ്പനികള്‍ക്ക് കഴിയാത്തതും നിമിത്തം പല തൊഴിലാളികളും ഈ മേഖലയില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പലരും എക്സിറ്റ് വിസയില്‍ രാജ്യം വിട്ടു കഴിഞ്ഞു. ചിലര്‍ നീണ്ട അവധിയില്‍ നാട്ടിലേക്ക് മടങ്ങി. പ്രദേശത്തെ ബാച്ച്ലര്‍ മുറികളും ഫ്ളാറ്റുകളും പലതും താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. തൊഴില്‍ പ്രശ്നത്താല്‍ പലരും കുടുംബത്തെ നാട്ടിലയക്കുന്നത് മൂലവും താമസക്കാര്‍ കുറയുന്നുണ്ട്.
യാമ്പു നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് പുതിയ കെട്ടിടങ്ങളാണ് ഉയര്‍ന്നു വന്നത്. എന്നാല്‍, വിദേശികള്‍ കുറയുന്നത് കാരണം പുതിയ കെട്ടിടങ്ങള്‍ പലതും ഒഴിഞ്ഞു കിടക്കുകയാണ്. മിക്ക  കെട്ടിടങ്ങളിലും ‘ഫോര്‍ റെന്‍റ്’ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആശ്രിത വിസയില്‍ കഴിയുന്ന കുടുംബത്തിലെ  മുഴുവന്‍ പേര്‍ക്കും ജൂലൈ മുതല്‍ 'ലെവി' ചുമത്തുമെന്ന  തീരുമാനം കൂടി നടപ്പാക്കുകയാണെങ്കില്‍  എക്സിറ്റില്‍ കുടുംബത്തെ നാട്ടില്‍ അയക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.  ഭീമമായ തുക മുടക്കി തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ  കുടുംബത്തിന് സൗകര്യമൊരുക്കാന്‍ കമ്പനികള്‍ തയാറാകുമോ എന്ന കാര്യവും കണ്ടറിയേണ്ടിവരും. 
സാമ്പത്തിക പ്രതിസന്ധി കാരണം പല കമ്പനികളിലും ജീവനക്കാരെ കുറക്കുന്നുണ്ട്. സ്ഥാപങ്ങളില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക്, ഒഴിവായവരുടെ അധിക ജോലി കൂടി ചെയ്യേണ്ടിയും വരുന്നുണ്ട്. ചിലര്‍ഇക്കാരണത്താലും ജോലി ഉപേക്ഷിക്കുന്നുണ്ട്. 
 

Tags:    
News Summary - Real estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.