ജിദ്ദ: രാജ്യം ഭരിച്ചിരുന്ന ഒന്നാം മോദി സർക്കാറും അമിത് ഷായുടെ പൂർണാധിപത്യമുള്ള രണ്ടാം സർക്കാറും രാജ്യത്തെ കടുത്ത ദുരിതത്തിലെത്തിച്ചിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് ഉന്മാദ ഹിന്ദുത്വ ദേശീയതയിലൂടെ സമഗ്രാധിപത്യമാണ് സംഘ് പരിവാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ ബാങ്കുകളുടെ നിലനിൽപ് അപകടത്തിലാക്കുന്ന വിധത്തിൽ റിസർവ് ബാങ്കിെൻറ കരുതൽ ധനത്തിൽ പോലും കൈകടത്തൽ നടത്തുന്നു. ആശങ്കജനകമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
കമ്പനികൾ അനുദിനം പൂട്ടുകയും പതിനായിരങ്ങൾക്ക് ജോലി നഷ്ടപ്പെടുകയുമാണ്. എല്ലാറ്റിനും വില കൂടി, വിലകൂടാത്ത ഒരേയൊരു സേവനം ഇൻറർനെറ്റ് മാത്രമാണ്. ഇത് സംഘ്പരിവാർ അജണ്ടയാണ്. നവ മാധ്യമങ്ങളിലൂടെ വർഗീയവും വംശീയവുമായ ചേരിതിരിവുണ്ടാക്കി അധികാരം എന്നും നില നിർത്താമെന്നാണ് ആർ.എസ്.എസ് കരുതുന്നത്. 39 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി രണ്ടാമതും അധികാരത്തിൽ വന്നത്.
രാജ്യത്ത് മഹാ ഭൂരിപക്ഷം ഇന്നും വർഗീയ ശക്തികൾക്കെതിരാണെന്നതുതന്നെയാണ് ശുഭ പ്രതീക്ഷ. ഫാഷിസത്തിനെതിരെ പ്രതിപക്ഷ മുന്നണികളുടെ ജനാധിപത്യ ഏകീകരണമാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും വെൽഫെയർ പാർട്ടി ഈ വിഷയത്തിൽ മതേതര ശക്തികൾക്കൊപ്പം മുൻനിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം സാമ്പത്തിക ജനാധിപത്യവും സാമൂഹിക ജനാധിപത്യവും നിലവിൽവരുമ്പോൾ മാത്രമേ ഇന്ത്യൻ ജനാധിപത്യത്തിന് അർഥമുണ്ടാവുകയുള്ളൂ എന്നുള്ളതാണ് വെൽഫെയർ പാർട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാട്. സൗദിയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ അദ്ദേഹത്തിന് പ്രവാസി സാംസ്കാരിക വേദി ജിദ്ദയിൽ നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ഇ.പി. സിറാജ്, സി.എച്ച്. ബഷീർ, വേങ്ങര നാസർ, എ.കെ. സൈതലവി, സലിം എടയൂർ, അമീൻ ഷറഫുദ്ദീൻ, ഉമറുൽ ഫാറൂഖ്, ദാവൂദ് രാമപുരം, അഡ്വ. ഷംസുദ്ദീൻ, സലീക്കത്ത് ഷിജു തുടങ്ങിയവർ നേതൃത്വം നൽകി. എം.പി. അഷ്റഫ് സ്വാഗതവും നിസാർ ഇരിട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.