സൗദിയിൽ ശനിയാഴ്ചവരെ മഴയും കാറ്റും ഇടിമിന്നലും തുടരാൻ സാധ്യത

യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും കാറ്റും തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചവരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും ആലിപ്പഴ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മഴയും കാറ്റും നിമിത്തം കാഴ്ചയുടെ ദൂരപരിധി കുറയുമെന്നും റോഡുകളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ശനിയാഴ്ചവരെ ഇടത്തരവും കനത്തതുമായ തോതിൽ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചും കേന്ദ്രം റിപ്പോർട്ടിൽ സൂചിപ്പിച്ചു. മക്ക, താഇഫ്, അൽ-ജുമൂം, അൽ-കാമിൽ, ഖുലൈസ്, അസീർ, ജീസാൻ എന്നീ പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. മദീന, യാംബു, മഹ്ദ്, അൽ-ഹനാകിയ, ഖൈബർ, അൽ-ഐസ്, ബദർ, ഹഫർ അൽ-ബാത്വിൻ, ഖഫ്‌ജി, വടക്കൻ അതിർത്തി പ്രവിശ്യ, അറാർ, റഫ്ഹ, ത്വാഇഫ്, അൽ-ജുമൂം, അൽ-കാമിൽ, ഖുലൈസ്,ഹാഇൽ, അൽ-ഖസീം മേഖലിലെ വിവിധ പ്രദേശങ്ങൾ, തബൂക്ക്, അൽ-ജൗഫ്, ജിദ്ദ, റാബിഖ്, ഉംലജ്, സകാക്ക, തൈമ, അൽ-ഖുറയാത്ത് തുടങ്ങി രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മിതമായതും നേരിയതുമായ മഴ പെയ്യുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

റിയാദിന്റെ വിവിധ ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയിലെ മിക്ക ഭാഗങ്ങളിലും, ജുബൈൽ, ദമ്മാം, അൽ-ഖോബാർ പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ കാറ്റിനൊപ്പം ഇടിമിന്നലും മഴയും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Rain, wind and thunder are likely to continue in Saudi till Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.