റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് പ്രഫഷനൽ ഡ്രൈവിങ് കാർഡ് ലഭിക്കുന്നതിന് നിശ്ചിത യോഗ്യത പരീക്ഷ പാസാകണമെന്ന നിയമം പൊതുഗതാഗത അതോറിറ്റി (ടി.ജി.എ) കർശനമാക്കി. രാജ്യത്തെ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പുതിയ പരിഷ്കാരം.
അന്താരാഷ്ട്ര ഗതാഗതം, ട്രാൻസ്പോർട്ട് ഏജൻസി സേവനങ്ങൾ, വിവിധ ബസ് സർവിസുകൾ, ബ്രോക്കറേജ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്ര സേവനങ്ങൾ (സ്കൂൾ ബസ്) തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് പ്രാവീണ്യ പരീക്ഷ നിർബന്ധമാണെന്ന് അതോറിറ്റി പുറപ്പെടുവിച്ച പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
ബസ് ട്രാൻസ്പോർട്ട് ഡ്രൈവർമാർക്കായി അതോറിറ്റി ആരംഭിക്കുന്ന പ്രഫഷനൽ യോഗ്യത പരിപാടിയുടെ തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ സാധുവായ ഡ്രൈവർ കാർഡുള്ളവർക്ക് അതിെൻറ കാലാവധി അവസാനിക്കുന്നത് വരെ തുടർന്നുപോകാം. എന്നാൽ കാലാവധി കഴിയുന്ന മുറയ്ക്ക് പുതുക്കുന്നതിനായി പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ്.
നിലവിൽ ഡ്രൈവർ കാർഡ് ഇല്ലാത്തവർക്കും നിലവിലുള്ള കാർഡിെൻറ കാലാവധി കഴിഞ്ഞവർക്കും യോഗ്യത പരിപാടി ആരംഭിക്കുന്ന തീയതി മുതൽ തന്നെ പുതിയ നിബന്ധന ബാധകമാകും. ടാങ്കറുകളും മറ്റ് അപകടകരമായ വസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാർഡ് ലഭിക്കുന്നതിന് പ്രത്യേക തൊഴിൽ പ്രാവീണ്യ പരീക്ഷ തന്നെ പാസാകണമെന്ന് അതോറിറ്റി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
ഗതാഗത മേഖലയിലെ പ്രഫഷനലിസം ഉറപ്പുവരുത്തുന്നതിലൂടെ റോഡപകടങ്ങൾ കുറക്കാനും മികച്ച സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും സാധിക്കുമെന്നാണ് പൊതുഗതാഗത അതോറിറ്റിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.