റിയാദ്: സൗദിയിലെ വിദേശി താമസക്കാരുടെ തിരിച്ചറിയൽ കാർഡായ ‘ഇഖാമ’യിലെ പേര് തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്). തൊഴിൽ സ്ഥാപനങ്ങൾക്കാണ് അവരുടെ കീഴിലുള്ള ജീവനക്കാരുടെ പേര് തിരുത്താൻ കഴിയുക. ഇതിനായി ജവാസത്തിെൻറ ‘മുഖീം’ പോർട്ടൽ വഴിയാണ് ശ്രമിക്കേണ്ടത്. തിരുത്തിലും പുതിയ ഇഖാമ പ്രിൻറ് ചെയ്തുകിട്ടുന്നതിനും അപേക്ഷിക്കാൻ സാധിക്കുമെന്ന് ജവാസത് വ്യക്തമാക്കി.
സ്ഥാപനങ്ങൾക്കായി ജവാസാത് ഒരുക്കിയിട്ടുള്ള ഇലക്ട്രോണിക് സേവനങ്ങളുടെ ഭാഗമായാണ് ഈ പുതിയ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഈ ഡിജിറ്റൽ സേവനം ഉപയോഗിക്കേണ്ടത് എങ്ങനെയെന്നതിനുള്ള ഘട്ടങ്ങളും ജവാസാത് വിശദീകരിച്ചു. പേര് തിരുത്തുന്നതിനായി ആദ്യമായി മുഖീം പോർട്ടലിൽ ലോഗിൻ ചെയ്ത് പ്രവേശിക്കണം.
തുടർന്ന് പോർട്ടലിൽ ജീവനക്കാരെൻറ പേര് തിരയണം. ശേഷം ഇഖാമ നമ്പർ രേഖപ്പെടുത്തണം. ഇതിന് ശേഷം ജീവനക്കാരെൻറ പ്രൊഫൈൽ ഓപ്പൺ ചെയ്ത്, അതിലെ ‘പാസ്‌പോർട്ട് സേവനങ്ങൾ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നിന്നാണ് വിവർത്തനം ചെയ്ത പേര് തിരുത്തുന്നതിനുള്ള സേവനം തിരഞ്ഞെടുക്കേണ്ടത്.
ഈ ഇലക്ട്രോണിക് സേവനം നിലവിലുള്ള അംഗീകൃത നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്ന് ജവാസാത് വ്യക്തമാക്കി. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വിസ, താമസ രേഖാ ഇടപാടുകൾ കൂടുതൽ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനും ഇത്തരം ഡിജിറ്റൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജവാസാത് എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.