ബുറൈദ: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ റിയാദ് - മദീന എക്സ്പ്രസ് റോഡിൽ അൽ-ഖസീമിലെ നബ്ഹാനിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഹുറൈംലയിൽ ഖബറടക്കി. മലപ്പുറം മഞ്ചേരി, വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (29), മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്. ഹുസൈന്റെ സഹോദരീ ഭർത്താവാണ് ഇഖ്ബാൽ.
അപകടത്തിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഹുസൈന്റെ ഭാര്യ ഫസീലയും ഒന്നര വയസ്സുള്ള കുഞ്ഞും ഖബറടക്കത്തിനുശേഷം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാത്രി റിയാദ് പ്രവിശ്യയിലെ ഹുറൈംലയിൽനിന്ന് മദീന സന്ദർശനത്തിന് ഹ്യുണ്ടായ് എച്ച്-വൺ വാഹനത്തിൽ പുറപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 13 അംഗ സംഘമാണ് ഖസീമിലെ അൽറസ്സിൽ നിന്ന് 30 കിലോമീറ്റർ അകലെ നബ്ഹാനിയയിൽ അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിൽ ഇടിച്ച് ഗതിമാറുകയും പിന്നാലെ വന്ന രണ്ട് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന, മരിച്ച ഹുസൈന്റെ ജ്യേഷ്ഠൻ അബ്ദുൽ മജീദ് മാത്രമാണ് ഇനി ആശുപത്രി വിടാൻ ബാക്കിയുള്ളത്. ഡോക്ടർമാർ ഇദ്ദേഹത്തിന് ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. അൽറസ്സ് കെ.എം.സി.സി പ്രസിഡന്റ് ശുഹൈബ് തിരുവനന്തപുരം, ഉനൈസ കെ.എം.സി.സി വൈസ് പ്രസിഡന്റ് യാക്കൂബ് കൂരാട്, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, കെ.എം.സി.സി ഉനൈസ, അൽറസ്സ് ഘടകം ഭാരവാഹികളായ ജംഷീർ മങ്കട, ഷെമീർ ഫറോക്ക്, മഹ്ദി, റിയാസ്, ഫിറോസ്, യൂനുസ് ഏലംകുളം തുടങ്ങിയവർ സേവന പ്രവർത്തനങ്ങൾക്കും രേഖകൾ ശരിപ്പെടുത്താനും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.