അൽ അഹ്സയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അൽ ഖൈസരിയ സൂഖ്
അൽ അഹ്സ: ഹുഫൂഫിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ ഖൈസരിയ സൂഖ് അൽ അഹ്സ മേഖലയുടെ വാണിജ്യ സാംസ്കാരിക കേന്ദ്രമായി ശ്രദ്ധയാകർഷിക്കുന്നു. ചരിത്രപ്രസിദ്ധമായ ഈ ചന്ത സമ്പന്നമായ പൈതൃകത്തിന്റെയും സ്ഥായിയായ ചൈതന്യത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമാണ്. തിളങ്ങുന്ന മാളുകളും അംബരചുംബികളായ കെട്ടിടങ്ങളും ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ അൽ ഖൈസരിയ സൂഖ് പൈതൃകത്തിന്റെ ഉറച്ച സമ്പത്തായി തലയുയർത്തി നിൽക്കുന്നു.
1822 മുതൽ പരമ്പരാഗത അറേബ്യൻ വാസ്തുവിദ്യയുടെ പ്രഭവകേന്ദ്രമാണ് അൽ ഖൈസരിയ സൂഖ്. 7,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മാർക്കറ്റിൽ 422ലധികം കടകളുണ്ട്. ചുറ്റിനുമുള്ള 14 കവാടങ്ങളാണ് ഉള്ളിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. സങ്കീർണമായ കൊത്തുപണികളുള്ള തടിവാതിലുകൾ, മേൽത്തട്ട്, വിളക്ക് കത്തിച്ച നടപ്പാതകൾ എന്നിവ സന്ദർശകരെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഇടുങ്ങിയതും മൂടിയതുമായ ഇടനാഴികളിലൂടെയുള്ള ഓരോ ചുവടും പഴയ കാലത്തിലൂടെയുള്ള യാത്രയായി അനുഭവപ്പെടും. അവിടെ കൊത്തിയെടുത്ത ഓരോ തൂണുകളും നമ്മോട് ചരിത്രം മന്ത്രിക്കും.
മനോഹാരിതയിൽ മാത്രമല്ല ചരക്കുകളുടെ വൈവിധ്യത്തിലും സൂഖ് ഏറെ ആകർഷകമാണ്. അബായകളും നെയ്ത തുണികളും മുതൽ കരകൗശല വസ്തുക്കൾ, സ്വർണാഭരണങ്ങൾ വരെ അൽ ഖൈസരിയയിൽ ലഭിക്കും.
സുഗന്ധവ്യഞ്ജനങ്ങൾ, നാടൻ പലഹാരങ്ങൾ, പരമ്പരാഗത പാത്രങ്ങൾ എന്നിവയാൽ നിറഞ്ഞ സ്റ്റാളുകൾ പ്രദേശത്തിന്റെ സമ്പന്നമായ കരകൗശലത്തിന്റെ കഥ നമ്മോട് പറയും. പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്ന കച്ചവടക്കാർ സൂഖിന്റെ ആധികാരികത വർധിപ്പിക്കുന്നു. സന്ദർശകരെ ഊഷ്മളമായ പുഞ്ചിരിയോടെയും തങ്ങൾ വിൽപനക്ക് കൊണ്ടുവരുന്ന വസ്തുക്കളുടെ വിവരണങ്ങളിലൂടെയും അവർ ആകർഷിക്കുന്നു.
വാണിജ്യത്തിനപ്പുറം അൽ ഖൈസരിയ സൂഖ് സാംസ്കാരിക പ്രഭവകേന്ദ്രമായി പ്രവർത്തിക്കുന്നു. 2018ൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി ഇത് പ്രഖ്യാപിക്കപ്പെട്ടു. പുരാതന കൊട്ടാരങ്ങൾ, ഗോപുരങ്ങൾ, മസ്ജിദുകൾ എന്നിവ ഇഴചേർന്ന അൽ അഹ്സയുടെ ചരിത്രപരമായ ഭൂതകാലത്തിന്റെ മറ്റൊരു ഏടാണ് അൽ ഖൈസരിയ സൂഖ്. യുനെസ്കോയുടെ അംഗീകാരം സൂഖിന്റെ ആഗോള പ്രാധാന്യത്തിന് അടിവരയിടുന്ന ബഹുമതിയാണ്.
ആധുനികതയുടെ പ്രയാണത്തിനിടയിൽ അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണിത്. ചരിത്രവുമായും സംസ്കാരവുമായും ഭാവിയെ ആശ്ലേഷിക്കുമ്പോഴും തങ്ങളുടെ ഭൂതകാലത്തെ ബഹുമാനിക്കുന്ന ഒരു ജനതയുടെ സ്ഥായിയായ ചൈതന്യത്തെ ബന്ധിപ്പിക്കുന്ന സ്ഥലമാണിത്. വിദേശികളെയും സ്വദേശികളെയും സൂഖിന്റെ സൗന്ദര്യവും വിലക്കുറവും ഒരുപോലെ ആകർഷിക്കുന്നു.
സന്ധ്യ മയങ്ങുമ്പോൾ പഴയ വിളക്കുകളുടെ തിളക്കത്തിൽ വിപണി സജീവമാകുന്നു. അതിന്റെ ഇടനാഴികൾ ജനജീവിതങ്ങളുടെ മുഴക്കത്താൽ പ്രതിധ്വനിക്കുന്നു. കുട്ടികളുടെ ചിരിയും കച്ചവടക്കാരുടെ സംസാരവും കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളുടെ താളാത്മകമായ ശബ്ദവും പാരമ്പര്യത്തിന്റെ നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു.
സൂഖിനുള്ളിലെ നടപ്പാതകളിൽ വെറുതെ അലഞ്ഞുതിരിയുന്നവർക്ക് അൽ ഖൈസരിയ ഒരു നിറമുള്ള യാത്രയാണ്. ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിലെ പാലത്തിലൂടെയുള്ള യാത്ര. ചരിത്രം ജീവിക്കുന്ന, സംസ്കാരം ശ്വസിക്കുന്ന, ഒരു പ്രദേശത്തിന്റെ ആത്മാവ് നിലനിൽക്കുന്ന അറേബ്യൻ പൗരാണികതയുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.