ജിദ്ദ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് (വെള്ളി) നടക്കും. ജിദ്ദ ഫൈസലിയയിലെ സ്പാനിഷ് അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മൂന്ന് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങൾ രാത്രി ഒമ്പതിന് ആരംഭിക്കും. റിയാദിലെ അൽ നസ്ർ ക്ലബിലെ മലയാളി ബാഡ്മിന്റൺ താരം ആമിന റിഹാം കൊമ്മേരി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. പി.എസ്.എം.ഒ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ബ്ലൈസ് വാരിയർസ്, വിക്ടർ വൈപേഴ്സ്, അയൺ ടൈറ്റൻസ്, തണ്ടർ സ്ട്രൈക്കേഴ്സ് എന്നീ നാലു ക്ലബുകൾ തമ്മിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
മികച്ച കളിക്കാർ ഉൾപ്പെടുന്ന കാറ്റഗറി എ, പി.എസ്.എം.ഒ പൂർവ വിദ്യാർഥികളിലെ മികച്ച കളിക്കാർ ഉൾപ്പെടുന്ന കാറ്റഗറി ബി, മറ്റ് കളിക്കാർ ഉൾപ്പെടുന്ന കാറ്റഗറി സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വനിതകൾക്കായി സിംഗിൾ മത്സരങ്ങളും സംഘടിപ്പിക്കും. ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ജിദ്ദയിലെ മലയാളി സമൂഹത്തിൽ ആദ്യമായാണ് ഒരു അലുമ്നി സംഘടന ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കളി ആസ്വദിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും ജിദ്ദയിലെ എല്ലാ മലയാളി കായിക പ്രേമികളെയും കുടുംബസമേതം സ്പാനിഷ് അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ സീതി കൊളക്കാടൻ, അഷ്റഫ് കുന്നത്ത്, മൊയ്തു വലിയകത്ത്, അനീസ് കല്ലിങ്ങൽ, ഡോ. മുഹമ്മദ് ഫൈസൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.