അബ്ദുൽ റഹ്മാൻ ബിൻ മുഹ്സിൻ അൽ അത്താസ്
റിയാദ്: സൗദി അറേബ്യയിലെ സാമൂഹിക-വ്യാപാര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അബ്ദുൽ റഹ്മാൻ ബിൻ മുഹ്സിൻ അൽ അത്താസ് (46) അന്തരിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തും പ്രമുഖ റീട്ടെയിൽ ഗ്രൂപ്പുകളിലും ഉന്നത പദവികൾ വഹിച്ചിരുന്ന അദ്ദേഹം, തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും പ്രവാസികൾക്കിടയിൽ ശ്രദ്ധേയനായിരുന്നു.
പാരീസിൽ വജ്രവ്യാപാരിയായിരുന്ന പിതാവിനൊപ്പം ബാല്യകാലം ചെലവഴിച്ച അദ്ദേഹം അമേരിക്കയിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. മദീൻ സ്റ്റാർ റിയൽ എസ്റ്റേറ്റ് കമ്പനിയിലൂടെ തൊഴിൽരംഗത്ത് പ്രവേശിച്ച അൽ അത്താസ്, പിന്നീട് പ്രമുഖ വ്യാപാര ശൃംഖലയായ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിൽ (നെസ്റ്റോ, ബ്രാൻഡ് സോൺ, ഡേ ൻ ഡേ) പത്ത് വർഷത്തോളം ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചു. കഴിഞ്ഞ നാല് വർഷമായി റിയാദ് വില്ലാസ് കോൺട്രാക്ടിംഗ് കമ്പനിയിൽ ഡെപ്യൂട്ടി ജനറൽ മാനേജറായി പ്രവർത്തിച്ചു വരികയായിരുന്നു.
മലയാളികളോടും ഇന്ത്യക്കാരോടും പ്രത്യേക താൽപര്യം പുലർത്തിയിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി നിരന്തരം പ്രവർത്തിച്ചു. രണ്ട് വർഷം മുമ്പ് കേരളം സന്ദർശിച്ച വേളയിൽ 'മാധ്യമം', 'മീഡിയ വൺ' സ്ഥാപനങ്ങൾ സന്ദർശിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണ ഏറെ സ്മരിക്കപ്പെടുന്നു. ഭാര്യ: ബുഷറ. മകൾ: സ്വാഅദ് ബിന്ത് അബ്ദുൽ റഹ്മാൻ. വ്യാപാര പ്രമുഖർ, സാമൂഹിക പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കോഴിക്കോട് മാധ്യമം ഓഫീസ് സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.