ജിദ്ദ: നിർദിഷ്ട കാലയളവ് അവസാനിക്കുന്നതിനു മുമ്പ് തൊഴിലാളികൾക്ക് തൊഴിൽ വൈദഗ്ധ്യ ലൈസൻസ് കരസ്ഥമാക്കണമെന്ന് സ്ഥാപനങ്ങളോട് സൗദി മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം ആവശ്യപ്പെട്ടു. 2023 ജൂൺ ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. മുനിസിപ്പൽ പ്രവർത്തന മേഖലകളിലെ ജോലിക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് തൊഴിൽ വൈദഗ്ധ്യ ലൈസൻസ് നിർബന്ധമാണ്. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസ് നൽകുന്നതും പുതുക്കുന്നതും തടയും.
ആവശ്യമായ നടപടികൾ പൂർത്തിയാക്കി 'ബലദിയ' പ്ലാറ്റ്ഫോം വഴി തൊഴിൽ ലൈസൻസ് വേഗത്തിൽ എടുക്കാൻ തൊഴിൽ ഉടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത വർഷം ജൂൺ ഒന്നു മുതൽ വാണിജ്യ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ വൈദഗ്ധ്യ ലൈസൻസ് നിർബന്ധമാക്കി മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിഗദ്ധ തൊഴിലുകൾ ചെയ്യുന്നതിനും സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾക്ക് നിബന്ധനയായി ഇതിനെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വിദഗ്ധ തൊഴിൽ പരീക്ഷ പദ്ധതിയുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്.
തുടക്കത്തിൽ ലക്ഷ്യമിട്ട സ്ഥാപനത്തിലെ എല്ലാ തൊഴിലാളികളുടെയും മുനിസിപ്പൽ ലൈസൻസ് പുതുക്കാൻ പ്രാപ്തമാക്കുന്നതിന് കുറഞ്ഞത് ഒരു തൊഴിലാളിക്കെങ്കിലും തൊഴിൽ വൈദഗ്ധ്യ ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അനുഭവപരിചയമോ ലൈസൻസോ ഇല്ലാതെ ജോലിക്ക് തൊഴിലാളികളെ നിയോഗിക്കുന്നത് വാണിജ്യ പുരോഗതിയെയും ഗുണനിലവാരത്തെ യും പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കുന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയോ അവയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുകയോ ചെയ്യാതെയായിരിക്കും പുതിയ തീരുമാനം നടപ്പാക്കുകയെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. എയർ കണ്ടീഷനിങ് ടെക്നീഷ്യൻ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, സാറ്റലൈറ്റ് ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, പ്ലംബർ, മരപ്പണിക്കാരൻ, സ്വർണപ്പണിക്കാരൻ, ബിൽഡർ, പെയിൻറർ, ഫർണിച്ചർ ക്ലീനർ, വാട്ടർ ടാങ്ക് ക്ലീനർ, കീടനിയന്ത്രണ തൊഴിലാളി, മരംമുറിക്കാരൻ, മെക്കാനിക്ക്, സ്ത്രീ ബ്യൂട്ടീഷ്യൻ, ബാർബർ എന്നിങ്ങനെ 16 പ്രധാന തൊഴിലുകൾക്ക് കീഴിൽ വരുന്ന 72ലധികം ഉപതസ്തികകൾക്കാണ് തീരുമാനം ബാധകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.