ജിദ്ദ: സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിവിധ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള യോഗ്യതകൾ പരിശോധിക്കുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ ഈ വർഷം ആദ്യ പകുതിയിൽ തന്നെ റെക്കോഡ് നേട്ടം കൈവരിച്ചു.
460,000 തൊഴിലാളികളാണ് പ്രഫഷനൽ അക്രഡിറ്റേഷൻ അംഗീകാരം നേടിയത്. പ്രവാസി തൊഴിലാളികളുടെ യോഗ്യതകളുടെയും അനുഭവത്തിന്റെയും സാധുതയും വിശ്വാസ്യതയും ഉറപ്പാക്കാൻ പദ്ധതി വഴി സാധിച്ചു.സൗദി തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ വിശ്വാസ്യത ഉയർത്തുന്നതിനുമുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പ്രോഗാം നടപ്പിലാക്കിയത്.
160 രാജ്യങ്ങളെയും 1,000 തൊഴിലുകളെയും ഉൾക്കൊള്ളുന്ന ഈ പരിപാടി ലക്ഷ്യമിട്ട രാജ്യങ്ങളുടെ 100 ശതമാനം കവറേജ് പൂർത്തിയാക്കി. രാജ്യത്ത് ജോലി ചെയ്യാനുള്ള അവരുടെ സന്നദ്ധത ഉറപ്പാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശോധനകളിലൂടെ പ്രവാസി തൊഴിലാളികളുടെ നൈപുണ്യ നിലവാരം വിലയിരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 150 ലധികം ആഭ്യന്തര, അന്തർദേശീയ കേന്ദ്രങ്ങളിലൂടെയാണ് ഇത് നടപ്പിലാക്കിയത്. പ്രോഗ്രാമിൽ പ്രഫഷനൽ പരിശോധനയും ഇൻസ്പെക്ഷൻ സേവനങ്ങളും ഉൾപ്പെടുന്നു.
ഉയർന്ന നൈപുണ്യമുള്ള ജോലികളിൽ പ്രവാസി തൊഴിലാളികളുടെ വൈദഗ്ധ്യം, അനുഭവ പരിചയം, സർട്ടിഫിക്കേഷനുകൾ എന്നിവ പരിശോധിക്കനാണ് പ്രഫഷനൽ വെരിഫിക്കേഷൻ സേവനം ലക്ഷ്യമിടുന്നത്. ഈ സേവനം പ്രവാസി തൊഴിലാളികളുടെ യോഗ്യതകളുടെയും അനുഭവത്തിന്റെയും സാധുതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. തൊഴിൽ വിപണിയിൽ ആവശ്യമായ എല്ലാ സ്പെഷലൈസേഷനുകളും ഇതിൽ ഉൾപ്പെടുന്നു. പ്രക്രിയ പൂർണമായും ഓട്ടോമേറ്റഡ് ആണ്. പരമാവധി 15 പ്രവൃത്തി ദിവസം മാത്രമാണ് പരിശോധനകൾ പൂർത്തീകരിക്കാൻ എടുക്കുന്നുള്ളൂ.
തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പും ശേഷവും നടത്തുന്ന പ്രായോഗികവും സൈദ്ധാന്തികവുമായ പരിശോധനകളിലൂടെ പ്രവാസി തൊഴിലാളികളുടെ നൈപുണ്യ നിലവാരവും ഇത് വിലയിരുത്താൻ സഹായകമാകുന്നു. പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും തൊഴിൽ മേഖലയിലെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ യോഗ്യതകളും കഴിവുകളും ഉണ്ടെന്ന് ഉറപ്പാക്കാൻ ഈ സംവിധാനം വഴി കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.