സുഡാൻ സായുധസേനയും റാപിഡ് സപ്പോർട്ട് ഫോഴ്സും ജിദ്ദയിൽ പ്രാഥമിക കരാറിൽ ഒപ്പുവെച്ചപ്പോൾ
ജിദ്ദ: സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ പ്രഖ്യാപനത്തിൽ സുഡാൻ സൈന്യത്തിന്റെയും റാപിഡ് സപ്പോർട്ട് ഫോഴ്സിന്റെയും പ്രതിനിധികൾ ഒപ്പുവെച്ചു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെ വ്യാഴാഴ്ചയാണ് ഇരുവിഭാഗവും കരാർ ഒപ്പുവെച്ചത്.
ഒരാഴ്ച മുമ്പാണ് സുഡാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് സൗദിയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിൽ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സുഡാൻ സൈന്യത്തിന്റെയും റാപിഡ് സപ്പോർട്ട് ഫോഴ്സിന്റെയും പ്രതിനിധികൾ ജിദ്ദയിലെത്തിയിരുന്നു. പ്രാഥമിക ചർച്ചയിൽ ഇരുവിഭാഗവും സംഘർഷം ലഘൂകരിക്കുന്നതിനുള്ള ധാരണയിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച പ്രതിജ്ഞ കരാറിൽ ഒപ്പുവെച്ചത്.
വെടിനിർത്തലിനും മാനുഷിക സഹായം എത്തിക്കുന്നതിന് സുരക്ഷിത വഴികൾ തുറക്കുന്നതിനും ഊന്നൽ നൽകിയാണ് പ്രാഥമിക ചർച്ച നടന്നത്. സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്സും മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങളും വ്യവസ്ഥകളും മധ്യസ്ഥർ അടുത്തഘട്ടത്തിലേക്ക് നീട്ടിവെച്ചു.
സുഡാൻ സൈന്യത്തിന്റെയും റാപിഡ് സപ്പോർട്ട് ഫോഴ്സിന്റെയും പ്രതിനിധികൾ സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സിവിലിയന്മാരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാനുഷിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഇരുപക്ഷവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും പാലിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. മാനുഷിക സഹായം സുരക്ഷിതമായി എത്തിക്കാനും അവശ്യസേവനങ്ങൾ പുനഃസ്ഥാപിക്കാനും ആശുപത്രികളിൽനിന്നും ക്ലിനിക്കുകളിൽനിന്നും സൈന്യത്തെ പിൻവലിക്കാനും മരിച്ചവരെ ആദരപൂർവം സംസ്കരിക്കാനും അനുവദിക്കുന്നതും ഇരുവിഭാഗവും നിർദേശം നൽകുമെന്ന് കരാർ സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രവർത്തനം സുഗമമാക്കുന്നതിന് 10 ദിവസത്തെ വെടിനിർത്തൽ കരാറിലെത്താൻ ശ്രദ്ധ കേന്ദ്രീകരിക്കും. സുരക്ഷ നടപടികളിൽ അമേരിക്ക, സൗദി അറേബ്യ, അന്താരാഷ്ട്ര സമൂഹം എന്നിവയുടെ പിന്തുണയുള്ള വെടിനിർത്തൽ നിരീക്ഷണ സംവിധാനമുണ്ടാകും. കരാറിന് അനുസൃതമായി, സംഘർഷത്തിന് പൂർണ വിരാമം ഉണ്ടാകുന്നതിന് സുഡാൻ സിവിലിയന്മാരുമായും പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായും തുടർചർച്ച ഉണ്ടാകുമെന്നും പ്രസ്താവനയിലുണ്ട്.
•സിവിലിയന്മാർക്ക് ദ്രോഹമുണ്ടാക്കുന്ന ആക്രമണത്തിൽനിന്ന് വിട്ടുനിൽക്കും
•സുഡാൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന
•സാധാരണക്കാർക്ക് ദോഷം വരുത്താതിരിക്കാൻ മുൻകരുതൽ
•ഉപരോധിച്ചതും ശത്രുത നിലനിൽക്കുന്നതുമായ പ്രദേശങ്ങളിൽനിന്ന് സിവിലിയന്മാരെ വിട്ടുപോകാൻ അനുവദിക്കും
•പൊതു, സ്വകാര്യ സ്ഥാപനങ്ങളിലുള്ളവരെ മാന്യമായ രീതിയിൽ ഒഴിപ്പിക്കാൻ അനുവദിക്കും
•മെഡിക്കൽ ഉദ്യോഗസ്ഥർക്കും പൊതു സ്ഥാപനങ്ങളിലെ ആളുകൾക്കും സംരക്ഷണം നൽകും
•മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലളിതവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.