പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം ഉനൈസയിൽ ഖബറടക്കി


ബുറൈദ: പ്രസവത്തോടനുബന്ധിച്ചുണ്ടായ സങ്കീർണതയെ തുടർന്ന് മരിച്ച മലയാളി നഴ്സ് ആൻസി ഫാത്തിമയുടെ മൃതദേഹം ഉനൈസയിൽ ഖബറടക്കി. ബുറൈദ കിങ് ഫഹദ് ആശുപത്രിയിലെ അമീർ സുൽത്താൻ കാർഡിയാക് സെന്ററിൽ ജോലി ചെയ്തിരുന്ന കൊല്ലം പത്തനാപുരം മാലൂർ കോളജിന് സമീപം അനീഷാ മൻസിലിൽ നാസിമുദ്ദീന്റെ മകൾ അൻസി ഫാത്തിമയുടെ (31) മൃതദേഹമാണ് ഉനൈസ മുറൂജ് മഖ്ബറയിൽ മറവ് ചെയ്തത്.

ഈ മാസം നാലിനാണ് ആൻസിയെ ആദ്യ പ്രസവത്തിനായി ബുറൈദ മാതൃശിശുകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സിസേറിയന് വിധേയയാക്കിയ ഇവർക്ക് പിറ്റേദിവസം പനിയും ശ്വാസതടസ്സവും അനുഭവപ്പെടുകയും ഉനൈസ കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആൺകുഞ്ഞായിരുന്നു ഇവർക്ക്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഈ മാസം 10ന് മരണം സംഭവിച്ചു.

ഭർത്താവ് സനിത് അബ്ദുൽ ഷുക്കൂർ സൗദിയിലുണ്ട്. ആൻസിയുടെ മാതാവ് ഫാത്തിമബീവി പ്രസവസമയത്ത് സന്ദർശന വിസയിൽ എത്തിയിരുന്നു. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയാണ് ആശുപത്രിയിലും തുടർന്നും ഇവർക്കാവശ്യമായ സഹായങ്ങൾ നൽകിയത്. കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളാണ് മൃതദേഹം ഖബറടക്കാനുള്ള രേഖകൾ ശരിപ്പെടുത്തിയത്. കുഞ്ഞുമായി വൈകാതെ നാട്ടിലേക്ക് പോകുമെന്ന് സനിത്ത്‌ അബ്ദുൽ ഷുക്കൂർ പറഞ്ഞു.

Tags:    
News Summary - Pregnent women died in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.