ശീതകാലത്തെ സൗദിയിൽ നിന്നുള്ള ദൃശ്യങ്ങൾ
അൽഖോബാർ: സൗദി അറേബ്യയിൽ ശീതകാലത്തിനു മുന്നോടിയായി 52 ദിവസത്തെ പരിവർത്തനകാലമായ പ്രീ-വിന്റർ സീസൺ ആരംഭിച്ചു. ഒക്ടോബർ 16 ന് തുടങ്ങിയ ഈ കാലയളവ് ശരത്കാലത്തിൽ നിന്ന് ശീതകാലത്തിലേക്ക് കടക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നതാണ്.
താപനിലയിൽ കാര്യമായ കുറവും മഴയ്ക്കുള്ള സാധ്യതയും രേഖപ്പെടുത്തുന്ന ഈ കാലഘട്ടത്തെ രാജ്യത്തെ കർഷകരും പ്രകൃതി സ്നേഹികളും യാത്രികരും ആവേശത്തോടെ വരവേൽക്കുന്നു. അസീർ മേഖലയിലെ കർഷക ഗവേഷകനായ അബ്ദുല്ല അൽ മൂസയുടെ വാക്കുകൾ പ്രകാരം ഓരോ വർഷവും ഒക്ടോബർ 16 നാണ് ഈ സീസൺ ആരംഭിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി 26 ചന്ദ്രിക ദിനങ്ങൾ വീതം ആകെ 52 ദിവസങ്ങളാണ് ഈ സീസണിന്റെ ദൈർഘ്യം. ഈ കാലയളവിൽ രാത്രി സമയത്ത് താപനിലയിൽ ഗണ്യമായ ഇടിവ് അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ മഞ്ഞു രൂപപ്പെടുകയും കാറ്റിന്റെ തീവ്രത വർധിക്കുകയും ചെയ്യും. ഇതോടെ കർഷകർ പുതിയ വിളകൾ നട്ടുപിടിപ്പിക്കുന്നതിനും നിലവിൽ ഉള്ളതിന്റെ വിളവെടുപ്പിനും തയ്യാറെടുക്കുന്നു. അറേബ്യൻ ഉപദ്വീപിലൂടെ കുടിയേറുന്ന പക്ഷികളുടെ യാത്ര, പൊറ്റുകളിൽ തേൻ നിറയൽ, പടിഞ്ഞാറൻ മേഘങ്ങളുടെ കിഴക്കോട്ടുള്ള ഒഴുക്ക് എന്നിവ ഉൾപ്പെടുന്നു. താപനിലയിലും കാലാവസ്ഥയിലും സംഭവിക്കുന്ന ഈ മാറ്റം സൗദി അറേബ്യയിലെ പ്രകൃതിദൃശ്യങ്ങളെയും ജീവജാലങ്ങളെയും പുതിയ നിറങ്ങളാൽ അലങ്കരിക്കും. പ്രകൃതി സഞ്ചാരികളും, ക്യാമ്പിംഗ് പ്രേമികളും ഈ കാലം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. വന്യജീവികളുടെ സജീവത വർധിക്കുകയും, പ്രകൃതിദത്ത പരിസ്ഥിതി ചക്രം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
കൃഷിയുടെയും പരിസ്ഥിതിയുടെയും വനജീവികളുടെയും നിലനില്പിന് ഈ കാലഘട്ടം നിർണായകമാണ്. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നേരത്തെ തണുപ്പ് അനുഭവപ്പെടുമ്പോൾ തെക്കൻ പ്രവിശ്യകളായ അസീർ, ജിസാൻ എന്നിവിടങ്ങളിൽ മഴയുള്ള മിതതാപ കാലാവസ്ഥ തുടരും. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് യാത്രകളും കൃഷിയും സൂക്ഷ്മതയോടെ ആസൂത്രണം ചെയ്യാൻ വിദഗ്ധർ പൗരന്മാരോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.