അബഹ: സംഘ്പരിവാർ വിരുദ്ധചേരി ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് പ്രവാസി വെൽഫെയർ അസീർ റീജനൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ജനാധിപത്യ ഇന്ത്യയുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണി ബി.ജെ.പിയാണെന്ന തിരിച്ചറിവോടെ മറ്റു അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ചുനിൽക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തന പദ്ധതിയുണ്ടാക്കാൻ ഇന്ത്യ മുന്നണിക്ക് കഴിയാത്തത് ദൗർഭാഗ്യകരമാണ്.
ഈ കാര്യത്തിൽ മുൻകൈയെടുക്കേണ്ട കോൺഗ്രസ് പല സന്ദർഭങ്ങളിലും ആ ദൗത്യം നിർവഹിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. 2024ലെ തെരഞ്ഞെടുപ്പ് ഫലം നൽകിയ ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ടുപോകാൻ ഇന്ത്യ മുന്നണിയിലെ കക്ഷികൾക്ക് കഴിയാതെ വരുന്നത് പ്രവാസികളടക്കം ജനങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായ കാര്യമാണ്.
തമ്മിൽ തമ്മിൽ ദുർബലമാക്കാതെ ഒരുമിച്ചുനിന്ന് പ്രവർത്തിക്കാൻ ഇനിയും കഴിഞ്ഞില്ലെങ്കിൽ സംഘ്പരിവാർ വംശീയ രാഷ്ട്രീയ മുന്നേറ്റത്തെ പരാജയപ്പെടുത്താനാവില്ല. സംഘ്പരിവാറിനെ ശക്തമായി നേരിടാതെ മൃദു സംഘ്പരിവാർ ലൈനാണ് ആം ആദ്മി പാർട്ടി സ്വീകരിച്ചിരുന്നത്.
ഈ നിലപാടുകൾ ജനങ്ങളിൽ സൃഷ്ടിച്ച നിരാശയും അഴിമതിരഹിത രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ആശയാടിത്തറയുടെ അഭാവവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടോ എന്ന ആത്മപരിശോധന ഈ സന്ദർഭം ആവശ്യപ്പെടുന്നുണ്ടെന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.