സംഗീത നാടക ശിൽപം അവതരിപ്പിച്ച കുട്ടികളോടൊപ്പം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ

പ്രവാസി പരിചയ്​ 2025: ഇന്ത്യൻ എംബസിയിൽ ‘ഗീത മഹോത്സവം’ കൊണ്ടാടി​

റിയാദ്​: ‘പ്രവാസി പരിചയ്​ മേള’യുടെ സമാപനത്തിന്റെ ഭാഗമായി റിയാദിലെ ഇന്ത്യൻ എംബസിയിൽ ‘ഗീത മഹോത്സവ്-എ മ്യൂസിക്കൽ’ എന്ന ആകർഷകമായ സംഗീത നാടകം അരങ്ങേറി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങി​ന്റെ അഭിനന്ദന വിഡിയോ സന്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചത്. റിയാദിലെ വൈദേഹി നൃത്ത വിദ്യാലയത്തിലെ വിദ്യാർഥിനികളാണ്​ സംഗീത ശിൽപം അവതരിപ്പിച്ചത്​. സംഗീതത്തി​ന്റെയും നടനത്തി​ന്റെയും സാർവത്രിക ഭാഷയിലൂടെ ഭഗവദ്ഗീതയുടെ കാലാതീതമായ സന്ദേശത്തെ അവർ ജീവസുറ്റതാക്കി.

ഗീത മഹോത്സവം പരിപാടിയിൽ നിന്ന്

ഇന്ത്യൻ പ്രവാസികളെ മാതൃരാജ്യത്തി​െൻറ നാഗരിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഗീത ഉൾക്കൊള്ളുന്ന ഐക്യം, കടമ, നിസ്വാർഥ പ്രവർത്തനം എന്നിവയുടെ സന്ദേശത്തെക്കുറിച്ചുള്ള ചിന്തയ്ക്ക് പ്രചോദനം നൽകുന്നതിനുമാണ് എംബസി ഗീതാ മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പറഞ്ഞു.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വിഡിയോ സന്ദേശം പങ്കുവെക്കുന്നു

റിയാദിലെ ആഘോഷം ഈ മാസം അവസാനം ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്ന ‘അന്താരാഷ്​ട്ര ഗീതാ മഹോത്സവ’ത്തി​െൻറ ചൈതന്യം തുടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പത്മശ്രീ, സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രതിഭ പ്രഹ്ലാദ് പരിപാടിയിൽ പങ്കെടുത്തു. പ്രവാസി പൗരസമൂഹത്തി​െൻറ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ ഊർജസ്വലമായ സാംസ്കാരിക പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എംബസി 2023-ലാണ്​ റിയാദിൽ പ്രവാസി പരിചയ്​ എന്ന വാർഷിക സാംസ്​കാരിക മേള സംഘടിപ്പിക്കാൻ ആരംഭിച്ചത്​.

Tags:    
News Summary - 'Pravasi parichay 2025': 'Githa Mahotsav' celebrated at Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.