ജിദ്ദ മറീനയിലെ കടൽത്തട്ട് ശുചീകരിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി നടപ്പാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കടൽത്തട്ടിൽ നിന്ന് തുടക്കം: ജിദ്ദ മറീനയിൽ 1.32 ലക്ഷം ചതുരശ്ര മീറ്റർ പുനരുദ്ധരിക്കാൻ വൻ പദ്ധതി

ജിദ്ദ: വടക്കൻ അബ്ഹുറിലെ ജിദ്ദ മറീനയിലെ കടൽത്തട്ട് ശുചീകരിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമായി ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി വൻകിട പദ്ധതി ആവിഷ്കരിക്കുന്നു. ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്​ദുല്ല ബിൻ ജലവിയുടെ രക്ഷാകർതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കാനും സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി ഏകദേശം 1.32 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ച് കിടക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെയും വിദഗ്ധ ഏജൻസികളുടെയും പൂർണ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

തീരദേശ സംരക്ഷണത്തിലും പാരിസ്ഥിതിക ഉത്തരവാദിത്തം ശക്തമാക്കുന്നതിലുമുള്ള കമ്പനിയുടെ ഉറച്ച പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നത്. കടലിലെ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യാനും തീരദേശ പരിസ്ഥിതി പുനഃസ്ഥാപിക്കാനും ഊന്നൽ നൽകുന്ന പദ്ധതിയിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും പങ്കാളികളാണ്.

ഇസ്തിദാമ എൻവയോൺമെൻറൽ സൊല്യൂഷൻസ്, എസ്.എസ്.ഐ അറേബ്യ ഡൈവിങ് സർവീസസ്, അൻഡലൂസിയ മെഡിക്കൽ സർവീസസ് ഗ്രൂപ്പ്, സൗദി വാട്ടർ സ്പോർട്സ് ആൻഡ് ഡൈവിങ് ഫെഡറേഷൻ എന്നിവർ പദ്ധതിയിൽ സഹകരിക്കുന്നു. കൂടാതെ മോണ്ടാന, മിസ്​റ്റർ സാജ്, സാന്റെ, ഹേഗൻ ദാസ് തുടങ്ങിയ ഭക്ഷണ-പാനീയ, മാർക്കറ്റിങ്, ലോജിസ്​റ്റിക്സ് ബ്രാൻഡുകളും പബ്ലിക് റിലേഷൻസ് രംഗത്തെ പി.ആർ അറേബ്യയും ആവശ്യമായ പിന്തുണ നൽകുന്നുണ്ട്.

തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക പങ്കാളിത്തം ബോധ്യപ്പെടുത്തുന്നതിനും പദ്ധതി വഴിയൊരുക്കുമെന്ന് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സി.ഇ.ഒ എൻജിനീയർ യൂസഫ് അൽ സാഇഗ് വ്യക്തമാക്കി. സമുദ്ര സമ്പത്തിന്റെ സംരക്ഷണം സാധ്യമാകണമെങ്കിൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സംയോജിത ശ്രമങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മറീനകളുടെ വികസനം, സുസ്ഥിര സമുദ്ര ഗതാഗത സംവിധാനങ്ങൾക്കുള്ള പിന്തുണ, ജിദ്ദയുടെ വിനോദസഞ്ചാര-സമുദ്ര സാധ്യതകൾ വർധിപ്പിക്കൽ എന്നിവയാണ് പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക ബോധവൽക്കരണം വളർത്തുന്നതോടൊപ്പം ഗവർണറേറ്റിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന തരത്തിലുള്ള സുസ്ഥിര മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും.

Tags:    
News Summary - A massive project to renovate 1.32 lakh square meters in Jeddah Marina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.