ഫോബ്‌സ് മാഗസിൻ ‘ടോപ്പ് ഹെൽത്ത് കെയർ ലീഡേഴ്‌സ്’ പട്ടികയിൽ വീണ്ടും ആലുങ്ങൽ മുഹമ്മദ്
റിയാദ്: ഫോബ്‌സ് മാഗസിെൻറ 2026-ലെ ‘ടോപ്പ് ഹെൽത്ത് കെയർ ലീഡേഴ്‌സ്’ പട്ടികയിൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ആലുങ്ങൽ മുഹമ്മദ് തുടർച്ചയായി രണ്ടാം തവണയും ഇടംനേടി.
പശ്ചിമേഷ്യയിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച മികച്ച വ്യവസായ പ്രമുഖരെയും സ്ഥാപകരെയും ആദരിക്കുന്ന ഫോബ്സിെൻറ പട്ടികയിലാണ് ഈ വലിയ അംഗീകാരം. 1999-ൽ ജിദ്ദയിൽ ഏക പോളിക്ലിനിക്കായി തുടക്കമിട്ട അബീർ മെഡിക്കൽ ഗ്രൂപ്പ്, ഇന്ന് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന വമ്പൻ ആരോഗ്യ ശൃംഖലയായി വളർന്നു കഴിഞ്ഞു.
മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ സെൻററുകൾ, ഫാർമസികൾ, ഒപ്റ്റിക്കൽ സെൻററുകൾ എന്നിവയടങ്ങുന്ന 50-ലധികം കേന്ദ്രങ്ങളിലൂടെ പ്രതിവർഷം 40 ലക്ഷത്തിലധികം രോഗികൾക്കാണ് അബീർ ഗ്രൂപ്പ് സേവനം എത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 12 പുതിയ മെഡിക്കൽ കേന്ദ്രങ്ങളാണ് ഗ്രൂപ്പ് പുതുതായി ഉദ്ഘാടനം ചെയ്തത്.
കൂടാതെ സൗദിയിലെ ഖോബാർ, ജാസാൻ, യാംബു എന്നിവിടങ്ങളിൽ അത്യാധുനിക മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളുടെയും, ദഹ്റാൻ, റിയാദ് എന്നിവിടങ്ങളിൽ ഡേ-സർജറി സെൻററുകളുടെയും നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ് അടക്കം നേടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട അബീർ ഗ്രൂപ്പിെൻറ ഈ വൻ കുതിച്ചുചാട്ടം, മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിപാലന മേഖലയിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളി സംരംഭകരുടെ മേൽവിലാസത്തെ വീണ്ടും ഉയരങ്ങളിലെത്തിക്കുകയാണ്. ആരോഗ്യമേഖലയ്ക്ക് പുറമെ മാധ്യമ, വിദ്യാഭ്യാസ രംഗങ്ങളിലും സജീവസാന്നിധ്യമായ ആലുങ്ങൽ മുഹമ്മദിന് ലഭിച്ച ഈ ഫോബ്‌സ് അംഗീകാരം ആഗോള പ്രവാസി സമൂഹത്തിനും വലിയ അഭിമാന നിമിഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.