പെൻറിഫിന്റെ ഡോ. ഇന്ദുവിനുള്ള ഉപഹാരം മുസാഫിർ കൈമാറുന്നു.
ജിദ്ദ: പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻറിഫ്) ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, കലാഭവൻ നവാസ്, ഷാനവാസ് എന്നിവരെ അനുസ്മരിച്ചു. മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. വി.എസിന്റെ നിലപാടുകൾ തന്നെയാണ് മറ്റു രാഷ്ട്രീയക്കാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയും പോരാട്ട വീര്യവും രാഷ്ട്രീയ എതിരാളികൾക്ക് പോലും മതിപ്പുളവാക്കുന്നതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അയ്യൂബ് മുസ്ലിയാരകത്ത് പരിപാടിയിൽ അധ്യക്ഷതവഹിച്ചു. പാർശ്വവത്കരിക്കപ്പെട്ടവർക്കും ഇരകൾക്കും ഒപ്പമായിരുന്നു വി.എസ് എന്നും അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പെൻറിഫ് വൈസ് പ്രസിഡന്റ് നൗഷാദ് ബാബു സംസാരിച്ചു. ഈയിടെ അന്തരിച്ച സിനിമ താരങ്ങളായ കലാഭവൻ നവാസിനെയും പ്രേംനസീന്റെ മകൻ ഷാനവാസിനെയും ഡോക്ടർ ഇന്ദു അനുസ്മരിച്ചു. രണ്ടു പേരുടെയും വിയോഗങ്ങൾ അവർ കലാരംഗത്ത് ജ്വലിച്ചു നിൽക്കുന്ന സമയത്തായിരുന്നുവെന്നും കല കേരളത്തിന് തീരാത്ത നഷ്ടമാണെന്നും ഡോ. ഇന്ദു അഭിപ്രായപ്പെട്ടു. രക്ഷാധികാരികളായ ലത്തീഫ് കാപ്പുങ്ങൽ, മുജീബ് റീഗൾ, വൈസ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശേരി, ട്രഷറർ നാസർ ശാന്തപുരം എന്നിവരും ആദരാഞ്ജലി അർപ്പിച്ചു സംസാരിച്ചു.
അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് കെന്നഡിയിൽ നിന്നും പകർച്ചവ്യാധി, പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്, ആന്തരിക വൈദ്യശാസ്ത്രത്തിനും സമൂഹ ക്ഷേമത്തിനും ഐ.എഫ്.ഇ.എ അവാർഡ് എന്നിവ ലഭിച്ച ഡോ. ഇന്ദുവിനുള്ള ഉപഹാരം രക്ഷാധികാരികളായ മുജീബ് റീഗൾ, ലത്തീഫ് കാപ്പുങ്ങൽ എന്നിവരുടെ സാന്നിധ്യത്തിൽ മുസാഫിർ സമ്മാനിച്ചു. ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് താഴെക്കോട് സ്വാഗതവും നൗഷാദ് ചാത്തല്ലൂർ നന്ദിയും പറഞ്ഞു.
'റഫി കി യാദേൻ' എന്ന സ്മരണാഞ്ജലി പരിപാടിയിൽ മിർസ ഷരീഫ്, ജമാൽപാഷ, കരീം മാവൂർ, മുഹ്സിൻ തയ്യിൽ, അസ്കർ ആലിക്കൽ, ആരിഫ ഹുവൈസ്, റെയിസ അമീർ എന്നിവർ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ചു. നാസർ ശാന്തപുരം മുഹമ്മദ് റാഫിയുടെ ജീവതത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് പ്രോഗ്രാം ശ്രദ്ധേയമായി.
മുസ്തഫ കോഴിശ്ശേരിയുടെ നേതൃത്വത്തിൽ ഹുവൈസ്, ഷമീം അയ്യൂബ്, സക്കീർ വലമ്പൂർ, അലി ഹൈദർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.