ഖിദ്ദിയ നഗരത്തിൽ നിർമിക്കുന്ന പെർഫോമിങ് ആർട്സ് സെൻറർ
റിയാദ്: സൗദിയുടെ സാംസ്കാരിക രംഗം കൂടുതൽ സമ്പന്നമാക്കുന്നതിന് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി പെർഫോമിങ് ആർട്സ് സെൻറർ ആരംഭിച്ചു. റിയാദിന് സമീപമുള്ള ഖിദ്ദിയ നഗരത്തിലെ ആദ്യത്തെ സാംസ്കാരിക നാഴികക്കല്ലാണിത്. ഖിദ്ദിയ വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു പ്രധാന വേദിയാണിത്. സവിശേഷമായ വാസ്തുവിദ്യാ രൂപകൽപനയാണ് കേന്ദ്രത്തിന്റെ സവിശേഷത. ഖിദ്ദിയ നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ സാംസ്കാരിക അനുഭവം നൽകുന്നതിനും അതിന്റെ പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിൽ മികച്ച സാങ്കേതികവിദ്യയും നൂതനമായ കലാപരമായ സമീപനവുമാണ് കേന്ദ്രം സ്വീകരിക്കുക. കേന്ദ്രത്തിൽ പ്രതിവർഷം എട്ട് ലക്ഷം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുവൈഖ് പർവതനിരകളുടെ അരികിലാണ് പെർഫോമിങ് ആർട്സ് സെൻറർ സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം 260-ലധികം ദേശീയ, അന്തർദേശീയ വിനോദ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഇവിടെ മൂന്ന് തിയറ്ററുകളിലായി 2400 സീറ്റുകളുണ്ട്. ഓരോന്നും 360 ഡിഗ്രി കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നതാണ്. ചലനാത്മകവും ഡിജിറ്റൽ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്ന ഒരു വേദിയും മുകളിൽനിന്ന് തൂങ്ങിക്കിടക്കുന്ന രൂപത്തിൽ 500 സീറ്റുകൾ ഉൾക്കൊള്ളുന്ന മറ്റൊരു സസ്പെൻഷൻ സ്റ്റേജും ആർട്ട് സെൻററിലുണ്ട്. ഗെയിമിങ്, ഇലക്ട്രോണിക് സ്പോർട്സ് ഏരിയ, അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, സ്പീഡ് ട്രാക്ക്, ഡ്രാഗൺ ബാൾ അമ്യൂസ്മെൻറ് പാർക്ക്, ഖിദ്ദിയയിലും അക്വാറിബിയയിലും സിക്സ് ഫ്ലാഗ് പാർക്കുകൾ തുടങ്ങിയ വിനോദ, കായിക പദ്ധതികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ആദ്യത്തെ സാംസ്കാരിക കേന്ദ്രം പ്രഖ്യാപനം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.