വർക്ക് പെർമിറ്റ് ഇല്ലാതെ വിദേശ തൊഴിലാളിയെ നിയമിച്ചാൽ 10,000 റിയാൽ പിഴ; തൊഴിൽ നിയമലംഘന പിഴ പരിഷ്കരിച്ചു

ജിദ്ദ: സൗദി മന്ത്രിതല തീരുമാനത്തിന്‍റെ ഭാഗമായി തൊഴിൽ നിയമ ലംഘനങ്ങളുടെയും പിഴകളുടെയും പുതുക്കിയ പട്ടിക മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. രാജകീയ ഉത്തരവുകൾക്കും തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾക്കും തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന മന്ത്രിതല തീരുമാനങ്ങൾക്കും അനുസൃതമായി നിയമലംഘനങ്ങളുടെയും പിഴകളുടെയും നിലവിലെ പട്ടിക ഭേദഗതി ചെയ്ത ശേഷമാണ് അന്തിമ കരട് തയാറാക്കിയത്.

ഭേദഗതി അനുസരിച്ച് വർക്ക് പെർമിറ്റ് ഇല്ലാതെയോ ‘അജീർ പ്രോഗ്രാമി’ൽ രജിസ്റ്റർ ചെയ്യാതെയോ ഒരു വിദേശ തൊഴിലാളിയെ നിയമിച്ചാൽ തൊഴിലുടമക്ക് 10,000 റിയാൽ പിഴ ചുമത്തും.

തൊഴിൽ, സുരക്ഷ, ആരോഗ്യം എന്നിവയുടെ സംരക്ഷണം സംബന്ധിച്ച നിയമങ്ങളുടെ ലംഘനം, എല്ലാ പ്രവർത്തനങ്ങളിലും തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുക എന്നിവ ഗുരുതരമായ കുറ്റങ്ങളാണ്. ഈ ലംഘനങ്ങൾക്ക് 1,500 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴ ചുമത്തും. സ്ഥാപന പരിസരത്ത് മറ്റുള്ളവർ അനുഭവിച്ചേക്കാവുന്ന അപകടങ്ങൾക്ക് സ്ഥാപന ഉടമയോ, ഏജന്‍റോ ഉത്തരവാദിയായിരിക്കും. 50 തൊഴിലാളികളോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ, തൊഴിലാളികളുടെ ആറ് വയസ്സിൽ താഴെ പ്രായമുള്ള പത്തോ, അതിലധികമോ കുട്ടികളെങ്കിലും ഉണ്ടാവുകയാണെങ്കിൽ ശിശു സംരക്ഷണത്തിനായി ഒരു നിയുക്ത സ്ഥലമോ നഴ്‌സറിയോ ഒരുക്കിയില്ലെങ്കിൽ അതും നിയമ ലംഘനമാണ്. ഇതിന് 5,000 റിയാലാണ് പിഴ.

15 വയസിൽ താഴെയുള്ള കുട്ടികളെ ജോലിക്ക് വെക്കുന്നതും ഗുരുതരമായ കുറ്റമാണ്. 1,000 മുതൽ 2,000 വരെ റിയാലാണ് പിഴ. പ്രസവത്തെ തുടർന്നുള്ള ആറ് ആഴ്ചകൾക്കുള്ളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇതിന് 1,000 റിയാൽ പിഴ ചുമത്തും. ജോലിസ്ഥലത്ത് ഒരു തരത്തിലുമുള്ള വിവേചനം പാടില്ല. അത് തടയുന്നതിനും കർശനമായ വ്യവസ്ഥയാണ് പരിഷ്കരിച്ച നയത്തിലുള്ളത്. തൊഴിലാളികൾക്കോ തൊഴിലപേക്ഷകർക്കോ തൊഴിൽ പരസ്യത്തിലോ തുല്യ മൂല്യമുള്ള ജോലിയിൽ സ്ത്രീപുരുഷ ജീവനക്കാർക്കിടയിലോ വേതനത്തിലോ ഏതെങ്കിലും തരത്തിലുള്ള വിവേചനം കണ്ടെത്തിയാൽ 3,000 റിയാലാണ് പിഴ. തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോർട്ടോ താമസ രേഖയോ (ഇഖാമ) അവർക്ക് വിട്ടുനൽകാതെ കൈവശം വെക്കുന്ന തൊഴിലുടമക്ക് 1,000 റിയാൽ പിഴ ചുമത്തും.

നിശ്ചിത തീയതിക്കുള്ളിൽ തന്നെ ശമ്പളവും കുടിശ്ശികയും നൽകുന്നതിൽ പരാജയപ്പെടുകയോ വേതനം തടഞ്ഞുവെക്കുകയോ ചെയ്താൽ 300 റിയാലാണ് പിഴ. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ അവ അടച്ചിരിക്കണം. ഈ കാലപരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ വ്യവസ്ഥകൾക്കനുസൃതമായി പിഴ അടക്കുന്നത് വരെ മന്ത്രാലയം നൽകുന്ന സേവനങ്ങൾ സ്ഥാപനത്തിന് താൽക്കാലികമായി നിർത്തിവെക്കാമെന്നും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Penalties for labor violations have been revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.