പാസ്‌പോർട്ട് ഫീസ് വർധനവും പൗരത്വ നിലപാടും പിൻവലിക്കണം: സൗദി കെ.എം.സി.സി നിവേദനം

റിയാദ്: പാസ്‌പോർട്ട് അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്നും, പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തി​െൻറ നിലപാട് പുനഃപരിശോധിക്കണമെന്നും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുസ്ലിംലീഗ് എം.പിമാർ എന്നിവർക്ക് കെ.എം.സി.സി നിവേദനം നൽകി.

പ്രവാസികൾക്കും നാട്ടിലെ സാധാരണക്കാർക്കും കനത്ത ആശങ്കയും സാമ്പത്തിക ഭാരവും ഉണ്ടാക്കുന്ന ഈ തീരുമാനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു. 36 പേജുകളുള്ള പാസ്‌പോർട്ടി​െൻറ ഫീസ് 1500 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്തിയത് സാധാരണക്കാർക്കേറ്റ കടുത്ത ഇരുട്ടടിയാണ്.

വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പ്രവാസി തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാർക്കും ഈ വർധനവ് താങ്ങാനാവാത്തതാണ്. വിദേശ പണമിടപാടുകളിലൂടെ രാജ്യത്തി​െൻറ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന ജനവിഭാഗത്തിന് മേൽ ഈ രീതിയിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് തികച്ചും അനീതിയാണെന്നും, ഫീസ് വർധനവ് അടിയന്തരമായി പിൻവലിക്കണമെന്നും നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു.

അതുപോലെ, പാസ്‌പോർട്ട് ഒരു പൗരത്വ രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തി​െൻറ സമീപനം രാജ്യത്താകമാനവും വിദേശ ഇന്ത്യക്കാർക്കിടയിലും വലിയ നിയമപരമായ അനിശ്ചിതാവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിവിധ സർക്കാർ-നിയമപാലന ഏജൻസികളുടെ സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പാസ്‌പോർട്ട് അനുവദിക്കുന്നത്.

അപേക്ഷക​െൻറ ദേശീയതയും പശ്ചാത്തലവും അതീവ ജാഗ്രതയോടെ പരിശോധിച്ച് നൽകുന്ന ഒരു രേഖയ്ക്ക് പൗരത്വം തെളിയിക്കാൻ കഴിയില്ലെന്ന് പറയുന്നത് പ്രവാസികൾ ഉൾപ്പടെയുള്ള പൗരന്മാരെ കടുത്ത പ്രതിസന്ധിയിലാക്കും. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന് പാസ്‌പോർട്ട് എന്നത് അവരുടെ ദേശീയ അഭിമാനത്തി​െൻറ അടയാളമാണ്.

പൗരത്വത്തിനുള്ള തെളിവ് എന്ന നിലയിലുള്ള അതി​െൻറ സാധ്യത ഇല്ലാതാക്കുന്നത് ഭരണകൂടവുമായുള്ള അടിസ്ഥാനപരമായ വിശ്വാസത്തെ തകർക്കുമെന്ന് കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്‌ കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ്‌ വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും വിദേശത്തും കഴിയുന്ന പൗരന്മാരോട് കൂടുതൽ നിയമപരമായി സുരക്ഷിതമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Passport fee hike and citizenship stand should be withdrawn: Saudi KMCC petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.