കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ടോണി ചാൻ ഉച്ചകോടി വേദിയിൽ

നിർമിത ബുദ്ധി ഉച്ചകോടിയിൽ ആഗോള സ്ഥാപനങ്ങളുടെയും വിദ്യാർഥികളുടെ പങ്കാളിത്തം

റിയാദ്: 'നിർമിത ബുദ്ധി മാനവരാശിയുടെ നന്മക്ക്' എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ആഗോള സ്ഥാപന മേധാവികളുടെയും ലോകപ്രശസ്ത സർവകലാശാലകളിലെ വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം. കിരീടാവകാശിയും സൗദി ഡേറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷകർതൃത്വത്തിൽ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് ഉച്ചകോടി മുന്നേറുന്നത്.

ത്രിദിന ഉച്ചകോടിയുടെ രണ്ടാംദിവസത്തെ പ്രാരംഭ സെഷനുകൾ ആഗോള സ്ഥാപന മേധാവികളുടെ പ്രഭാഷണങ്ങൾകൊണ്ടും ലോകപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമായി.

അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, ജോർഡൻ, അൽജീരിയ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം പ്രധാന സാങ്കേതിക സ്ഥാപനങ്ങളുടെ മേധാവികളും പ്രമുഖ കലാശാലകളിലെ വിദ്യാർഥികളും സമ്മേളന പ്രതിനിധികളുമായി സംവദിച്ചു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ലണ്ടൻ കിങ്സ് കോളജ്, പാരിസ് സോർബോൺ യൂനിവേഴ്‌സിറ്റി, ഇംഗ്ലണ്ട് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ഉച്ചകോടിയുടെ വേദിയും സദസ്സും സമ്പന്നമാക്കിയത്.

'വിഷൻ 2030'ന്റെ സാക്ഷാത്കാരത്തിന് ഉതകുന്ന നിലയിൽ ലോകാടിസ്ഥാനത്തിലുള്ള കഴിവുകളെ ആകർഷിക്കുക, യുവാക്കളുടെ സർഗശേഷി പരിപോഷിപ്പിക്കുക എന്നിവ ലക്ഷ്യമാക്കുന്നതായി രണ്ടാംദിന ആമുഖത്തിൽ സംഘാടകർ വ്യക്തമാക്കി.

സ്വയാർജ്ജിത ബുദ്ധിയുടെ വിനിയോഗത്തിലും സാങ്കേതിക രംഗത്തെ ഭാവിസഹകരണത്തിലും ആഗോളതലത്തിൽ അവസരമൊരുക്കാനും സൗദി അറേബ്യ ഉദ്ദേശിക്കുന്നു. സന്ദർശകരായ ഗവേഷകർക്കും വിദ്യാർഥികൾക്കും സൗദി വിദ്യാർഥികളുമായി വിജ്ഞാന വിനിമയ സംഭാഷണങ്ങളിൽ ഏർപ്പെടാനുള്ള അവസരവും സംഘാടകർ ഒരുക്കി. ആഗോള സ്ഥാപനങ്ങൾക്ക് പുറമെ, അരാംകോ, കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, സൗദി എയർലൈൻസ്, സൗദി ടെലികോം, കിങ് സഊദ് യൂനിവേഴ്‌സിറ്റി, വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ ഉച്ചകോടിയിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. സാങ്കേതിക രംഗത്ത് സർഗാത്മകത തെളിയിച്ച ലോകപ്രതിഭകൾ, അക്കാദമിക വിദഗ്ധർ, നിക്ഷേപകർ, നയരൂപവത്കരണ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ഉച്ചകോടി വ്യാഴാഴ്ച അവസാനിക്കും.

Tags:    
News Summary - Participation of global institutions and students in Nimitha Buddhi Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.