ജുബൈൽ: രാജ്യത്തെ നടുക്കിയ പഹൽഗാം അക്രമത്തിൽ ഒ.ഐ.സി.സി നേതാവും ജുബൈൽ വെൽഫെയർ അസോസിഷൻ ചെയർമാനുമായ അഷ്റഫ് മൂവാറ്റുപുഴ ഞെട്ടൽ രേഖപ്പെടുത്തി. നിരപരാധികളായ മനുഷ്യ ജീവനുകളാണ് പൊലിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിധത്തിലുള്ള അക്രമങ്ങളെയും ന്യായീകരിക്കാൻ ആകില്ലായെന്നും ഇതുപോലുള്ള പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അതിന് രാജ്യത്തെ മുഴുവൻ ജനങ്ങളും പ്രതിപക്ഷ പാർട്ടികളും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മുമ്പുണ്ടായിട്ടുള്ള ഇത്യാദി അക്രമങ്ങളുടെ അന്വേഷണം പാതി വഴിക്ക് അവസാനിച്ചത് പോലെ ഈ കേസിനും സംഭവിക്കാതെ ആത്മാർഥമായ അന്വേഷണവും നടപടിയുമാണ് വേണ്ടത്. ഈ സംഭവത്തിനുശേഷം ചില മാധ്യമങ്ങൾ കാര്യങ്ങളെ വഴിതെറ്റിക്കാനുള്ള വാർത്തകളും പ്രസ്താവനകളും പുറത്തുവിടുന്നത് ദൗർഭാഗ്യകരമാണ്. തീവ്രവാദിക്ക് വിശ്വാസം, മതം എന്നില്ല. ഒരു മതവും അക്രമത്തെയും ഹിംസയേയും പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
ഒരു തീവ്രവാദിക്കും ഒരു മതത്തിന്റെയും അനുയായി ആകാനാവില്ല. പേരും ജന്മനാളും ചോദിച്ചു വെടിവച്ചു എന്ന മാധ്യമ വാർത്തയെയും ചില താൽപരകക്ഷികളുടെ ചിന്തയായി മാത്രമേ കാണാൻ കഴിയൂ. നീചമായ പ്രവൃത്തികളെ ഭാരതീയർ ഒന്നായി ചെറുത്ത് തോൽപ്പിക്കാൻ തയാറാകണമെന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.