റിയാദിൽ നിർമാണത്തിലുള്ള സ്പോർട്സ് ബോളിവാഡ് പദ്ധതിയുടെ മാതൃക
റിയാദ്: സ്പോർട്സ് ബോളിവാഡ് പദ്ധതിയുടെ ആദ്യഘട്ടം റിയാദിൽ പണിപൂർത്തിയാക്കി തുറന്ന് പ്രവർത്തനം ആരംഭിച്ചതായി സ്പോർട്സ് ബോളിവാഡ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അറിയിച്ചു. വാദി ഹനീഫ, ബ്രോമൈഡ്, അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡും അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് റോഡും കൂടിച്ചേരുന്ന ജങ്ഷൻ, അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി, സാൻഡ് സ്പോർട്സ് പാർക്ക് എന്നിവ ഉൾപ്പെടുന്ന 83 കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന വിശാലമായ ഭാഗമാണ് ആദ്യഘട്ടമായി ഇപ്പോൾ തുറന്നിരിക്കുന്നത്. ഇത് മൊത്തം സ്പോർട്സ് ബോളിവാഡ് പദ്ധതിയുടെ 40 ശതമാനം ഭാഗമാണ്.
റിയാദ് നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തെ വാദി ഹനീഫയിൽനിന്ന് ആരംഭിക്കുന്ന ലക്ഷ്യസ്ഥാനത്തിന് 13.4 നീളമുണ്ട്. കാൽനടയാത്രക്കാർ, സൈക്കിളുകൾ, കുതിരകൾ എന്നിവക്കുള്ള പാതകളും മരങ്ങളുള്ള നിരവധി പ്രദേശങ്ങളും വിശ്രമിക്കുന്നതിനും വാഹനം പാർക്ക് ചെയ്യുന്നതിനുമുള്ള സ്ഥലങ്ങളും ഇതിലുൾപ്പെടുന്നു. ബ്രോമൈഡ് ലക്ഷ്യസ്ഥാനം നാല് കിലോ കിലോമീറ്റർ നീളുന്നതാണ്. സൽമാനിയ വാസ്തുവിദ്യയുടെ തത്ത്വങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ഡിസൈനുകളിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
മത്സര ഓട്ടങ്ങൾക്കായുള്ള സൈകിൾ പാതകൾ, ബൈക്കുകൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ, പച്ചയിടങ്ങൾ, ജലാശയങ്ങൾ, കുട്ടികളുടെ കളിസ്ഥലം, സൈക്കിൾ വാടകക്ക് നൽകുന്നതിനുള്ള സ്ഥലങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. വാദി ഹനീഫയുടെ ലക്ഷ്യസ്ഥാനം ബ്രോമൈഡ് ലക്ഷ്യസ്ഥാനവുമായി സൈക്കിൾ പാലം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. വാദി ഹനീഫ ലക്ഷ്യസ്ഥാനത്തിന്റെ സവിശേഷത ഈ സൈക്കിൾ പാലമാണ്. അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡിലെ കിങ് ഖാലിദ് റോഡ് ജങ്ഷനിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിൽ രണ്ട് സ്വതന്ത്ര ട്രാക്കുകളുണ്ട്. കാൽനടയാത്രക്കാർക്കുള്ള ട്രാക്കിന് ഒരു കിലോമീറ്റർ നീളമുണ്ട്. സൈക്കിളുകൾക്കുള്ള പാതക്ക് 771 മീറ്റർ നീളമുണ്ട്.
അമീർ തുർക്കി റോഡും അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡും കൂടിച്ചേരുന്ന ഭാഗത്തെ ലക്ഷ്യസ്ഥാനം 300 മീറ്റർ നീളത്തിലാണ്. ആർട്സ് ടവറാണ് ഇതിന്റെ സവിശേഷത. അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡിലുണ്ടായിരുന്ന ഉയർന്ന പ്രസരണശേഷിയുള്ള വൈദ്യുതി ഗോപുരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കലാസൃഷ്ടിയാണിത്. അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയുടെ അകത്തെ പാതയുടെ നീളം 20 കിലോമീറ്ററാണ്.
സൈക്കിൾ, കാൽനടപ്പാത, ജീവനക്കാർക്കും സന്ദർശകർക്കും സർവകലാശാല കെട്ടിടങ്ങൾക്കിടയിലെ സഞ്ചാരപാതയും ഇതിലുൾപ്പെടുന്നു. ആദ്യഘട്ടം പൂർത്തിയായ സാൻഡ് പാർക്കാണ് പദ്ധതിയുടെ അഞ്ചാമത്തെ ലക്ഷ്യസ്ഥാനം.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തെക്കുകിഴക്കാണിത്. കുതിര ട്രാക്കുകൾക്ക് പുറമേ പ്രഫഷനലുകൾക്കും അമച്വറുകൾക്കുമുള്ള സൈക്കിൾ പാതകളും പർവത സൈക്കിൾ പാതകളും സൈക്കിൾ വാടകക്കെടുക്കുന്നതിനുള്ള കേന്ദ്രങ്ങളും പാർക്കിങ്ങുകളും ഇതിലടങ്ങിയിരിക്കുന്നു. സൈക്കിൾ ട്രാക്കുകൾ 45 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്നതാണ്. നിരവധി കെട്ടിടങ്ങളും കായികസ്ഥാപനങ്ങളും ഉൾപ്പെടുത്തുന്നതിനായി സാൻഡ് സ്പോർട്സ് പാർക്കിന്റെ ബാക്കി ഘട്ടങ്ങൾ പിന്നീട് പൂർത്തിയാകും.
ഫെബ്രുവരി 27ന് തുറന്ന സ്പോർട്സ് ബോളിവാഡ് പദ്ധതിയുടെ അഞ്ച് ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും അവ എങ്ങനെ ആക്സസ് ചെയ്യാമെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് സ്പോർട്ടിങ് ബോളിവാഡ് സൈറ്റ് സന്ദർശിക്കണമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.
സ്പോർട്സ് ബോളിവാഡ് പദ്ധതി റിയാദ് നഗരത്തിലെ പ്രധാന പദ്ധതികളിലൊന്നാണ്. 2019 മാർച്ച് 19ന് സൽമാൻ രാജാവാണ് ഇത് പ്രഖ്യാപിച്ചത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ വലിയ പിന്തുണയും താൽപര്യവും പദ്ധതിക്കുണ്ട്. ലോക റാങ്കിങിൽ റിയാദിന്റെ സ്ഥാനം വർധിപ്പിക്കുന്നതിനും ലോകത്ത് ജീവിക്കാൻ കഴിയുന്ന ഏറ്റവും നല്ല നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുകയും ലക്ഷ്യമിട്ടാണ് സ്പോർട്സ് ബോളിവാഡ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.