റിയാദ്: സൗദി തലസ്ഥാന നഗരം വേദിയൊരുക്കുന്ന ഇ-സ്‌പോർട്‌സ് ലോകകപ്പിനുളള ടിക്കറ്റ് നേടുന്നവർക്ക് രാജ്യത്തേക്ക് വരാൻ ഓൺലൈൻ വിസ. ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ, സൗദി വിദേശകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് സൗകര്യമൊരുക്കുന്നത്. ജൂലൈ മൂന്ന് മുതൽ ആഗസ്റ്റ് 25 വരെ റിയാദിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും പരിപാടികളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർക്ക് https://www.esportsworldcup.com/ സന്ദർശിക്കാം. 90 ദിവസത്തേക്കുള്ള സിംഗിൾ എൻട്രി വിസ ഓൺലൈനായി ലഭിക്കുന്നതിന് ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോമായ https://ksavisa.sa/ ൽ അപേക്ഷ സമർപ്പിക്കണം.
റിയാദിലെ ബോളിവാർഡ് സിറ്റിയിൽ രണ്ട് മാസം നീളുന്നതാണ് ഇ-സ്‌പോർട്‌സ് ലോകകപ്പ്. സൗദിയിൽ ഇങ്ങനെയൊരു പരിപാടി ആദ്യമായാണ്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ഗെയിമിങിനും ഇ-സ്‌പോർട്‌സിനും വേണ്ടിയുള്ള ദേശീയ പദ്ധതികളുടെ ഭാഗമായാണ് വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്. ‘വിഷൻ 2030’ അനുസരിച്ച് വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും വാഗ്ദാന മേഖലകൾ വികസിപ്പിക്കുന്നതിനും പുറമേ ഗെയിമിങിനും ഇ-സ്‌പോർട്‌സിനും ഒരു ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും വേണ്ടിയാണ്.
ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് സന്ദർശകർക്ക് സ്‌പോർട്‌സ്, വിനോദം, വിദ്യാഭ്യാസം, സാംസ്‌കാരികം, ക്രിയാത്മക വശങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന അതുല്യമായ അനുഭവങ്ങളാണ് ലഭിക്കുക. 500 മികച്ച ഇൻറർനാഷനൽ ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്ന 1500ലധികം കളിക്കാർ ഇ-സ്പോർട് ലോകകപ്പിൽ പെങ്കടുക്കും. ഇവർ 22 ടൂർണമെൻറുകളിൽ മത്സരിക്കും. മൊത്തം സമ്മാനതുക ആറ് കോടി ഡോളറിലധികമാണ്. ഇ-സ്‌പോർട്‌സ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.