റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ശനിയാഴ്ച ഒരു മരണം കൂടി. റിയാദിൽ സൗദി പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി. രണ്ട് വിദേശികൾ മദീനയിലും ഒരു വിദേശി മക്കയിലുമാണ് നേരത്തെ മരിച്ചത്.
ശനിയാഴ്ച പുതുതായി 99 പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1203 ആയി ഉയർന്നെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച രണ്ടുപേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. മൊത്തം രോഗമുക്തരുടെ എണ്ണം 37 ആയി. പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് റിയാദിലാണ്, 41.
ജിദ്ദയിൽ 18ഉം മക്കയിലും ഖത്വീ-ഫിലും 12 വീതവും മദീനയിൽ ആറും തബൂഖ്, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ മൂന്നു വീതവും, അബഹ, ഹുഫൂഫ്, അൽഖോബാർ, സൈഹാത്ത് എന്നിവിടങ്ങളിൽ ഒാരോന്ന് വീതവുമാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിൽ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പുതിയ കേസുകളിൽ 10 പേർ കോവിഡ് ബാധിത രാജ്യങ്ങളിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 89 പേർക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്ന് പകർന്നതാണ്.
രോഗികളുടെ എണ്ണത്തിൽ തലസ്ഥാനമായ റിയാദ് തന്നെയാണ് ഇപ്പോഴും മുന്നിൽ. ഇതുവരെ 491 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ ശനിയാഴ്ച മുതൽ മദീനയിൽ ഹറം ഉൾപ്പെടെ ആറ് മേഖലകളിൽ 14 ദിവസത്തേക്ക് 24 മണിക്കൂർ പ്രേത്യക കർഫ്യൂ നിലവിൽ വന്നു. നിലവിലുള്ള നിരോനാജ്ഞക്ക് പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.