ദമ്മാമിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ
ദമ്മാം: പ്രവാസലോകത്തും തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുമായി ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റി. ദമ്മാമിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ തെരഞ്ഞെടുപ്പ് കാമ്പയിനിൽ വിവിധ ജില്ലകളിൽ നിന്നുള്ള വോട്ടർമാരെ നേരിൽ കണ്ടാണ് പ്രവർത്തകർ വോട്ടഭ്യർഥിച്ചത്. യു.ഡി.എഫിന്റെ അഭിമാന പ്രഖ്യാപനമായ ‘ഇന്ദിരാ ഗ്യാരൻറി’ പ്രിൻറുകൾ വോട്ടർമാർക്കിടയിൽ വിതരണം ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിലേക്ക് പോകുന്ന മലയാളികളോട് നേരിട്ടും, മറ്റുള്ളവരോട് നാട്ടിലെ ബന്ധുക്കളെ ഫോൺ മുഖേന ബന്ധപ്പെട്ടും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ പ്രവർത്തകർ അഭ്യർഥിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാണെന്ന് ഒ.ഐ.സി.സി നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള നേതാക്കൾ അവകാശപ്പെട്ടതുപോലെ, നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നതിന്റെ സൂചനയാണ് ജനങ്ങളിൽ നിന്നുള്ള ആവേശകരമായ പ്രതികരണമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അഷ്റഫ് കൊണ്ടോട്ടിയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരിയും അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ജില്ലാ കമ്മിറ്റി ട്രഷറർ ഷൗക്കത്ത് അലി വെള്ളില, റീജനൽ വൈസ് പ്രസിഡൻറ് ഷിജില ഹമീദ്, ജില്ല ജനറൽ സെക്രട്ടറി നഫീർ തറമ്മൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ സലാം നെല്ലായ, മുസ്തഫ ചേലക്കോടൻ, ജയേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.