നസീം
റിയാദ്: മലയാളി ഉംറ തീര്‍ഥാടകർ സഞ്ചരിച്ച ബസിന്റെ മലയാളിയായ ഡ്രൈവർ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. സഹായിയായി ഒപ്പമുണ്ടായിരുന്ന ഡ്രൈവർ നിയന്ത്രണം ഏറ്റെടുത്ത് ബസ് ഒതുക്കി നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
ബസിൽ 40ലേറെ യാത്രക്കാരുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. റിയാദിലെ വാദിനൂര് ഉംറ ഗ്രൂപ്പിന്റെ ബസ് ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി നസീം (50) ആണ് മരിച്ചത്.
റിയാദിൽനിന്ന് ബസ് നിറയെ തീർഥാടകരുമായി മക്കയിലെത്തി ഉംറയും മദീനയിൽ സന്ദർശനവും നടത്തി മടങ്ങുമ്പോൾ ഹൈവേയിൽ ഉഖ്ലതുസുഖൂർ എന്ന സ്ഥലത്തുവെച്ചാണ് സംഭവം.
റിയാദിൽനിന്ന് 560 കിലോമീറ്ററകലെയാണ് ഈ സ്ഥലം. ഇവിടെയെത്തിയപ്പോൾ ഡ്രൈവർക്ക് ശാരീരികമായി അസ്വസ്ഥതകളുള്ളതായും ബസിന്റെ നിയന്ത്രണം നഷ്ടമാകുന്നതായും ഒപ്പമുണ്ടായിരുന്ന സഹായിക്ക് മനസ്സിലായി. ഉടൻ അദ്ദേഹം അതിസാഹസികമായി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ബസ് ഹൈവേയുടെ വശത്തേക്ക് ഒതുക്കിനിർത്തി. അപ്പോഴേക്കും ഡ്രൈവർ നസീം കുഴഞ്ഞുവീണുകഴിഞ്ഞിരുന്നു. ഉടൻ ഉഖ്ലതുസുഖൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഈ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.