ഗോവിന്ദൻ കേളി പ്രവർത്തകരായ നൗഫൽ, നാസർ പൊന്നാനി എന്നിവരോടൊപ്പാം റിയാദ് എയർപോർട്ടിൽ

ജോലിയും കൂലിയും ഇഖാമയുമില്ല; നാലാണ്ടിലെ ദുരിതത്തിനൊടുവിൽ ഗോവിന്ദൻ നാടണഞ്ഞു

റിയാദ്: ജോലിയും കൂലിയും ഇഖാമയുമില്ലാ​തെ നാലുവർഷമായി ദുരിതത്തിൽ കഴിഞ്ഞ തമിഴ്നാട്‌ കള്ളകുറുശ്ശി സ്വദേശി ഗോവിന്ദന്​ സുമനസ്സുകളുടെ കാരുണ്യം തുണയായി. റിയാദിന്​ സമീപം അൽഖർജിലെ കൃഷിയിടത്തിൽ 2015ലാണ് ഗോവിന്ദൻ ജോലിക്കാരനായി എത്തുന്നത്. ആദ്യ നാലു വർഷം പ്രശ്​നങ്ങളില്ലായിരുന്നു. പരിമിത സൗകര്യത്തോടെ ജീവിതം മുന്നോട്ടുപോയി. സ്പോൺസറുടെ ഭാഗത്തുനിന്ന് നല്ല സഹകരണവും സഹായങ്ങളും ലഭിച്ചു. ആദ്യ നാലുവർഷം കഴിഞ്ഞ്​ നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് കോവിഡ്​ മഹാമാരിയുടെ ഭാഗമായ നിയന്ത്രണങ്ങൾ വന്നത്.

നാട്ടിൽ പോയാൽ തിരിച്ചുവരവ് ബുദ്ധിമുട്ടാകും എന്ന സുഹൃത്തുക്കളുടെയും മറ്റും അഭിപ്രായങ്ങൾ സ്വീകരിച്ച് അവധിക്ക് പോകുന്നത് മാറ്റിവെച്ചു. പക്ഷെ പിന്നീടാണ് ജീവിതം മാറി മറിഞ്ഞത്. ലോക്​ഡൗണിന്​ ശേഷം കൃത്യമായി ജോലി ലഭിക്കാതായി. ശമ്പളം മുടങ്ങിത്തുടങ്ങി. ഇഖാമ പുതുക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിയാതായി. ഇതിനിടയിൽ സ്പോൺസറുടെ കൈയിൽനിന്ന് പാസ്​പോർട്ട് നഷ്​ടപ്പെടുകയും ചെയ്തു. പിന്നീടുള്ള ജീവിതം ദുരിതപൂർണമായിരുന്നു. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

ഇന്ത്യൻ എംബസിയെ സമീപിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇഖാമയില്ലാതെ പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കുമെന്ന് ഭയന്ന് അതിനുള്ള ശ്രമം നടത്തിയില്ല. ഒരിക്കൽ സാധനങ്ങൾ വാങ്ങുന്നതിനായി അടുത്തുള്ള സ്ഥാപനത്തിൽ എത്തിയപ്പോഴാണ് യാദൃശ്ചികമായി റിയാദിലെ കേളി കലാസാംസ്​കാരിക വേദി പ്രവർത്തകനായ നൗഫലിനെ കണ്ടുമുട്ടിയത്. ഗോവിന്ദൻ ത​െൻറ ദയനീയാവസ്‌ഥ വിവരിച്ച് നാട്ടിലെത്താൻ സഹായം തേടി.

തുടർന്ന് കേളി പ്രവർത്തകർ വിഷയം ഏറ്റെടുക്കുകയും ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്യുകയും ചെയ്തു. രണ്ടുമാസം നീണ്ട പ്രയത്നത്തിനൊടുവിൽ രേഖകളെല്ലാം ശരിയാക്കി നാടുകടത്തൽ കേന്ദ്രം (തർഹീൽ) വഴി എക്സിറ്റ് തരപ്പെടുത്തി. കേളി തന്നെ സുമനസ്സുകളെ സമീപിച്ച് വിമാന ടിക്കറ്റും സംഘടിപ്പിച്ചു നൽകി. കേളി പ്രവർത്തകരായ നൗഫൽ, നാസർ പൊന്നാനി എന്നിവർ റിയാദ് എയർപോർട്ടിൽ എത്തിച്ചു എമിഗ്രേഷൻ പൂർത്തീകരിച്ച്​ യാത്രയാക്കി. കഴിഞ്ഞദിവസം ഗൾഫ് എയർ വിമാനത്തിൽ ഗോവിന്ദൻ നാട്ടിലേക്ക് യാത്ര തിരിച്ചു. ഗോവിന്ദ​ന്റെ തിരിച്ചുവരവറിഞ്ഞ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം വളരെ സന്തോഷത്തിലാണ്. കുടുംബം കേളി പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.


Tags:    
News Summary - No work, no wages, no iqama; After suffering four years, Govindan left the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.