ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഫലസ്തീൻ വിഷയത്തിൽ ഹിയറിങ് തുടങ്ങിയപ്പോൾ
റിയാദ്: ഗസ്സ മുനമ്പിനെ ഇസ്രായേൽ അവശിഷ്ടങ്ങളുടെ കൂമ്പാരമാക്കി മാറ്റിയെന്നും അവിടെ തുടരുന്ന അതിക്രമങ്ങൾക്ക് ഒരു ന്യായീകരണവും സാധ്യമല്ലെന്നും സൗദി അറേബ്യ. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൗദി അംബാസഡർ മുഹമ്മദ് അൽനാസ്വിറാണ് ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്. കോടതിയുടെ ഉത്തരവുകൾ അവഗണിക്കുകയും ലംഘനങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നത് ഇസ്രായേൽ തുടരുകയാണെന്ന് സൗദി പ്രതിനിധി ചൂണ്ടിക്കാട്ടി.
ഗസ്സ മുനമ്പിലെ ഇസ്രായേൽ സൈനിക നടപടികൾ തുടരുന്നതിനെയും മനുഷ്യത്വപരമായ സഹായം അവിടേക്ക് എത്തുന്നത് തടയുന്നതിനെയും ശക്തമായി വീണ്ടും അപലപിക്കുന്നതായി കോടതിയെ അറിയിച്ചു. ആവശ്യമായ സഹായം അനുവദിക്കാൻ ടെൽഅവീവിനെ ബാധ്യസ്ഥമാക്കുന്നതിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തിന്റെ പ്രാധാന്യം സൗദി പ്രതിനിധി ഊന്നിപ്പറഞ്ഞു. ഇസ്രായേലി നടപടികളാണ് ഗസ്സയിൽ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ)യുടെ 200ലധികം ജീവനക്കാരെ ഇസ്രായേൽ കൊല്ലുകയും ഏജൻസിയുടെ ആസ്ഥാനവും വെയർഹൗസുകളും ആക്രമിക്കുകയും ചെയ്തു. ഫലസ്തീനിലേക്ക് സഹായം അനുവദിക്കാനുള്ള ആഹ്വാനങ്ങളെ ഇസ്രായേൽ ഇപ്പോഴും അവഗണിക്കുകയാണെന്ന് സൗദി പ്രതിനിധി പറഞ്ഞു.
അതേ സമയം, അഭൂതപൂർവമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സ മുനമ്പിലേക്കുള്ള സഹായത്തിന്റെ പ്രവേശനത്തിന് ഇസ്രായേൽ സമഗ്രമായ ഉപരോധം ഏർപ്പെടുത്തി 50 ദിവസത്തിലേറെയായിട്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യോഗം ചേർന്നത്. സഹായങ്ങൾ തടഞ്ഞതിനാൽ 22 ലക്ഷം ഫലസ്തീനികൾ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.