റിയാദ്: സൗദി അറേബ്യയിലെ സ്വദേശിവൽകരണ പദ്ധതിയായ ‘നിതാഖാത് മുത്വവർ’ അടുത്ത മൂന്ന് വർഷത്തേക്ക് കൂടി തുടരുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്കായി 3,40,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക വഴി തൊഴിൽ വിപണിയുടെ സുസ്ഥിരത ശക്തിപ്പെടുത്തുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം.
സൗദി തൊഴിൽ വിപണിയെ കൂടുതൽ കൃത്യമായ മാനദണ്ഡങ്ങളിലൂടെ പരിഷ്കരിക്കുന്ന തിരുത്തൽ ഘട്ടമാണ് ഈ പദ്ധതിയെന്ന് തൊഴിൽ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനൊപ്പം, പൗരന്മാർക്ക് സുസ്ഥിരമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാനാവശ്യമായ പ്രോത്സാഹന പാക്കേജുകളും മന്ത്രാലയം ഇതിലൂടെ നൽകുന്നുണ്ട്. വിവിധ തൊഴിൽ മേഖലകളുടെ വളർച്ചയെ പിന്തുണച്ചുകൊണ്ട് തന്നെ സ്വദേശിവൽകരണം ഊർജിതമാക്കാനാണ് പുതിയ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിതാഖാത് മുത്വവർ പദ്ധതിയുടെ ഭാഗമായി സ്വദേശിവൽകരണ നിരക്കുകൾ കണക്കാക്കുന്നതിൽ മന്ത്രാലയം കർശനമായ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ യഥാർഥ വേതനം സാമൂഹിക സുരക്ഷാ ഡേറ്റയുമായി ബന്ധിപ്പിക്കുക, മുഴുസമയ ജീവനക്കാരായ സൗദികളെ മാത്രം കണക്കിലെടുക്കുക തുടങ്ങിയ നിബന്ധനകൾ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ഓരോ സ്ഥാപനത്തിെൻറയും പ്രവർത്തന സ്വഭാവത്തിനും അവ സ്ഥിതി ചെയ്യുന്ന മേഖലകൾക്കും അനുസൃതമായി സ്വദേശിവൽകരണ അനുപാതം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ഈ പുതിയ രീതിയിൽ സ്വദേശിവൽകരണ നിരക്ക് പുനർനിർണയിക്കുന്നതോടെ മാനദണ്ഡങ്ങൾ പാലിക്കാത്ത പല സ്ഥാപനങ്ങളും റെഡ് കാറ്റഗറിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.