റിയാദ്: ‘നിയോം 2029’ എന്ന പേരിൽ നടക്കുന്ന 10ാമത് ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള പതാക സൗദി അറേബ്യ ഏറ്റുവാങ്ങി. ചൈനയിലെ ഹാർബിൻ ഇന്റർനാഷനൽ കൺവെൻഷൻ, എക്സിബിഷൻ ആൻഡ് സ്പോർട്സ് സെന്ററിൽ നടന്ന ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന്റെ സമാപന ചടങ്ങിലാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ വൈസ് പ്രസിഡന്റ് തിമോത്തി ഫോക്കിൽനിന്ന് സൗദി കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പതാക ഒൗദ്യോഗികമായി ഏറ്റുവാങ്ങിയത്.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന്റെയും 45 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുടെയും നിരവധി അന്താരാഷ്ട്ര കായിക താരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. ചടങ്ങിൽ ‘നിയോം 2029’ ഗെയിംസിന്റെ ഔദ്യോഗിക ലോഗോയുടെ അനാച്ഛാദനവും നടന്നു. ഏഷ്യൻ വിന്റർ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ ഏഷ്യൻ രാജ്യങ്ങളെയും കായികമന്ത്രി സൗദിയിലേക്ക് സ്വാഗതം ചെയ്തു.
നിയോമിൽ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു അസാധാരണ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. സ്പോർട്സ് മേഖലയിലെ ഒരു വലിയ പരിവർത്തനഘട്ടത്തിന് സൗദി സാക്ഷ്യംവഹിക്കുകയാണ്. ഈ മേഖലക്ക് ഭരണകൂടം നൽകുന്ന മാർഗനിർദേശങ്ങളും പിന്തുണയും വലുതാണ്. ഇത് സൗദി അറേബ്യയെ ലോക കായികപ്രേമികൾക്ക് ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റുന്നതിനും പ്രധാന അന്തർദേശീയ, ഭൂഖണ്ഡാന്തര കായികമത്സരങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ഒരു ഭവനമാക്കുന്നതിനും കാരണമായെന്നും കായികമന്ത്രി പറഞ്ഞു.
അത്ലറ്റുകൾക്കും ആരാധകർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ആഗോള, ഭൂഖണ്ഡാന്തര ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദിയുടെ കഴിവും പദവിയും കൂടുതൽ തെളിയിക്കുന്നതിന് ആ രാജ്യത്തുള്ള ഏഷ്യൻ കായികസമൂഹത്തിന്റെ വിശ്വാസത്തിന് രാജാ ബെന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഷ്യൻ ഒളിമ്പിക് കൗൺസിലിനും എല്ലാ ഏഷ്യൻ രാജ്യങ്ങൾക്കും കായികമന്ത്രി അഭിനന്ദനങ്ങൾ നേർന്നു.
കോണ്ടിനന്റൽ സ്പോർട്സ് ഫോറത്തിന് ആതിഥേയത്വം വഹിക്കാൻ പോകുന്ന ആദ്യ ഏഷ്യൻ പടിഞ്ഞാറൻ രാജ്യമാണ് സൗദി അറേബ്യ. നിയോമിലെ പർവതപ്രദേശമായ ‘ട്രോജെന’ മേഖലയിലാണ് വിന്റർ ഗെയിംസ് മത്സരങ്ങൾ നടക്കുക. വർഷം മുഴുവനും വ്യത്യസ്ത താപനിലകളാണ് ട്രോജെനയുടെ സവിശേഷത. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനുതാഴെയാകും.
ഐസ് സ്കേറ്റിങ്ങും ഐസ് സ്ക്വീയിങ്ങും ഉൾപ്പെടെ 47 മത്സരങ്ങളാണ് ഉണ്ടാവുക. ആൽപൈൻ സ്കീയിങ്, സ്ലാലോം, സ്കേറ്റ്ബോർഡിങ് എന്നിവയുൾപ്പെടെ സ്പോർട്സിനായി സമർപ്പിച്ചിരിക്കുന്ന ഒരു സ്നോ കോംപ്ലക്സും ഐസ് ഹോക്കി, ഐസ് ഡാൻസിങ് എന്നിവയുൾപ്പെടെയുള്ള ഐസ് സ്പോർട്സിനായുള്ള ഒരു സമുച്ചയവും സ്ഥലത്ത് നിർമിക്കും. കൂടാതെ ട്രോജെനയിൽ ഒരു ഏഷ്യൻ ഗെയിംസ് വില്ലേജും സ്പോർട്സ് കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള 14 ആഡംബര ഹോട്ടലുകളും ഉൾപ്പെടും. നൂറു ശതമാനം പുനരുൽപാദിപ്പിക്കാവുന്ന ഊർജം ഉപയോഗിച്ചാണ് ഇതെല്ലാം പ്രവർത്തിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.