സംഭവ ബഹുലമായ ഒരു വർഷം കൂടി പടിയിറങ്ങുന്നു. പോയ വർഷം നാം ഒരുപാട് കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഗസ്സയിലെ നിഷ്കളങ്ക ബാല്യങ്ങളുടെ വിശപ്പിന്റെ നിലവിളിയും സുഡാനിലെ നിസ്സഹായരായ ജനങ്ങളുടെ ദൈന്യതയും നമ്മൾ കണ്ടു, കേട്ടു, അനുഭവിച്ചു. സംഹാര താണ്ഡവം വിതച്ച കൊടുങ്കാറ്റുകളും അഗ്നിപർവത സ്ഫോടനങ്ങളും പ്രളയവും ഒക്കെ അതി ശക്തമായ പ്രകൃതി ദുരന്തങ്ങളുടെ നേർക്കാഴ്ചയായി.
പോയ വർഷത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള നീണ്ട കാലയളവിൽ ഈ ലോകവും നമ്മളും അനവധി നിരവധി സംഭവങ്ങൾക്ക് ദൃക്സാക്ഷിയായി. അതിൽ സന്തോഷത്തിന്റെ സുഖവും കണ്ണീരിന്റെ ഉപ്പും കലർന്നതായിരുന്നു. മനുഷ്യരാശിക്ക് മേൽ, മനുഷ്യന്റെ സ്വൈരജീവിതത്തിനു മേൽ യുദ്ധത്തിന്റെ ഭീതിയുടെയും കരിനിഴൽ വീഴ്ത്തിയ കാലമായിരുന്നു കടന്നുപോയത്.
റഷ്യ, ഉക്രെയിൻ യുദ്ധം, ഇടക്ക് സംജാതമായ ഇന്ത്യ-പാക് സംഘർഷം എന്നിവ ഇടക്കെങ്കിലും തദ്ദേശീയമായ ഭീതിയുടെ വിത്ത് പാകിയത് ഭാഗ്യംകൊണ്ട് ഒഴിവായിപ്പോയി.
ആഗോള സമ്പദ് വ്യവസ്ഥയുടെ കുതിപ്പും കിതപ്പും ഒപ്പം സ്വർണം സർവകാല റെക്കോർഡ് വിലയിൽ എത്തിയതും പോയ വർഷത്തിന്റെ സവിശേഷതകൾ ആയിരുന്നു.
2025 വിട പറഞ്ഞു പോകുമ്പോൾ ആഗതമാകുന്ന പുതുവർഷം പുതിയ പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ടാണ് കടന്നുവരുന്നത്. കഴിഞ്ഞ വർഷം സഫലമാകാതെ പോയ ആഗ്രഹങ്ങളും പ്രതീക്ഷകളും പുത്തൻ വർഷത്തിൽ പൂവണിയട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒപ്പം ഏവർക്കും ഇവിടെയും നാട്ടിലും ലോകമെമ്പാടുമുള്ള പ്രിയ സൗഹൃദങ്ങൾക്ക് എല്ലാ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു പുതു വർഷം ആശംസിച്ചു കൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.