ജിദ്ദ: സിറിയയെ ‘ഭീകരതയെ പിന്തുണക്കുന്ന രാജ്യം’ എന്ന പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്തും, ഹുർമുസ് കടലിടുക്കിലും അയൽരാജ്യങ്ങൾക്കെതിരെയും ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചും സൗദി മന്ത്രിസഭ. ജിദ്ദയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്.
ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയും കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, ജോർഡാൻ എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് യോഗം വിലയിരുത്തി. അതേസമയം, സൗദിക്കോ മറ്റ് ജി.സി.സി രാജ്യങ്ങൾക്കോ എതിരെ തങ്ങളുടെ മണ്ണോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ഇറാഖിന്റെ ഉറപ്പിനെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും, സുസ്ഥിരത കൈവരിക്കാനുള്ള സിറിയൻ സർക്കാരിന്റെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുന്നതിെൻറ ഭാഗമായി വിദേശങ്ങളിൽ നിന്നുള്ള ട്രെയിനികൾക്കായി പുതിയ ‘ട്രെയിനിങ് വിസ’ അനുവദിക്കാനും പുതിയ ഭരണകൂട വരുമാന സംവിധാനം നടപ്പാക്കാനും യോഗം അംഗീകാരം നൽകി. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി കിരീടാവകാശി നടത്തിയ ടെലിഫോൺ സംഭാഷണ വിവരങ്ങളെയും, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഊർജ്ജം, നിക്ഷേപം, നിർമിത ബുദ്ധി, ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ നടത്തിയ വിജയകരമായ ചർച്ചകളെയും മന്ത്രിസഭ പ്രശംസിച്ചു.
ഗ്വാട്ടിമാല, അൽബേനിയ, അർമേനിയ, ഇറാഖ്, നോർത്ത് മാസിഡോണിയ, തുർക്കി, ബ്രസീൽ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളുമായി വിദേശകാര്യം, സാംസ്കാരികം, തൊഴിൽ, സാങ്കേതിക സഹകരണം, അഴിമതി വിരുദ്ധം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി കരാറുകൾക്ക് യോഗം അനുമതി നൽകി. കൂടാതെ അഗ്രികൾച്ചറൽ ഡെവലപ്‌മെൻറ് ഫണ്ട്, ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട്, വിവിധ സർവ്വകലാശാലകൾ എന്നിവയുടെ കഴിഞ്ഞ വർഷങ്ങളിലെ അന്തിമ അക്കൗണ്ടുകൾക്കും വാർഷിക റിപ്പോർട്ടുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.
സൗദി പോസ്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായി ഉസാമ ബിൻ ഔദ അൽ ഔദ, ഫഹദ് ബിൻ മുഹമ്മദ് അൽ ഷിബിൽ എന്നിവരെ നിയമിക്കാനും, വിദേശകാര്യ മന്ത്രാലയത്തിൽ മുഹമ്മദ് ബിൻ യൂസഫ് അൽ ഹർബിയെ 'മിനിസ്റ്റർ പ്ലീനിപൊട്ടൻഷ്യറി' പദവിയിലേക്ക് ഉയർത്താനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.