റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരൻ മരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പിൽ തോമസിന്റെയും നെസിയുടെയും മകൻ വില്യംസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 29ന് റിയാദിലെ സുലൈയിലാരുന്നു അപകടം. ഡ്യൂട്ടിക്കിടെ വില്യംസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു വർഷം മുമ്പ് തൊഴിൽ വിസയിൽ റിയാദിലെത്തിയ വില്യംസ്, പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനിയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ജിഷ്മയാണ് ഭാര്യ. ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്. ജോസഫ് സഹോദരനാണ്.
അപകടസമയത്ത് ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായിരുന്നു. തുടർന്ന്, ആശുപത്രിയിലെ മലയാളി നഴ്‌സായ ബിനീഷിന്റെ സഹായത്തോടെ റിയാദ് ഒ.ഐ.സി.സി ഭാരവാഹി മാത്യൂ ജോസഫ് നടത്തിയ അന്വേഷണത്തിലാണ് വില്യംസിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. സാമൂഹിക പ്രവർത്തകനായ ഷാജഹാൻ താജ് കോൾഡ് സ്റ്റോറേജും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു.
സുലൈമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാവിലെ 8.20ന് റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം രാത്രി 10.20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച മട്ടാഞ്ചേരിയിലെ സെമിത്തേരിയിൽ സംസ്‌കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.