സൗദിക്ക് നേരെയുള്ള ഹൂതികളുടെ ഭീകരാക്രമണം ഭീരുത്വപരം: ജി.സി.സി സെക്രട്ടറി ജനറൽ

റിയാദ്: തെക്കൻ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിലിഷ്യകൾ നടത്തിയ ഭീകരാക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ശക്തമായ ഭാഷയിൽ അപലപിച്ചു. ബാലിസ്​റ്റിക് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണം തികച്ചും ഭീരുത്വപരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അന്താരാഷ്​ട്ര നിയമങ്ങളുടെയും അന്താരാഷ്​ട്ര മാനുഷിക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ഭീകരാക്രമണം. മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കാനും, സാധാരണക്കാരുടെയും പൊതുസ്ഥാപനങ്ങളുടെയും സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്​ടിക്കാനുമുള്ള ഹൂതികളുടെ നിരന്തരമായ ശ്രമങ്ങളുടെ തെളിവാണ് ഇതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

എല്ലാത്തരം അന്താരാഷ്​ട്ര നിയമങ്ങളും വെടിനിർത്തൽ കരാറുകളും ലംഘിച്ചുകൊണ്ട് ഹൂതി മിലിഷ്യകൾ നടത്തുന്ന ഇത്തരം ശത്രുതാപരമായ നടപടികൾ അവസാനിപ്പിക്കാൻ കർശനവും പ്രതിരോധപരവുമായ അന്താരാഷ്​ട്ര നിലപാട് അനിവാര്യമാണെന്ന് അൽബുദൈവി വ്യക്തമാക്കി. അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും, പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയുടെ സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. രാജ്യത്തിന്റെ സ്ഥിരത സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും വിദേശ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സൗദി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി കൗൺസിൽ ഒറ്റക്കെട്ടായി പൂർണ പിന്തുണ നൽകുമെന്നും ജാസിം അൽബുദൈവി വ്യക്തമാക്കി.

Tags:    
News Summary - Houthi terrorist attack against Saudi Arabia is cowardly: GCC Secretary-General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.