ജിദ്ദ തുറമുഖത്ത്​ ചരിത്രനേട്ടം; 60,000 ടൺ ശേഷിയുള്ള ഭീമൻ ചരക്കുകപ്പൽ ആദ്യമായി തീരമടുത്തു

ജിദ്ദ: കപ്പൽ ഗതാഗത രംഗത്ത് പുതിയ നാഴികക്കല്ല് പിന്നിട്ട് സൗദി അറേബ്യയിലെ ജിദ്ദ ഇസ്ലാമിക് പോർട്ട്. ചരിത്രത്തിലാദ്യമായി 60,000 ടൺ ഭാരവാഹകശേഷിയുള്ള 'എൻ.കെ.ആർ അലിസ്' എന്ന ഭീമൻ ചരക്കുകപ്പലിനെ തുറമുഖം വിജയകരമായി സ്വീകരിച്ചു. പ്രമുഖ ഭക്ഷ്യോത്പാദകരായ യുനൈറ്റഡ്​ ഷുഗർ കമ്പനിയുമായി സഹകരിച്ചാണ് ഏകദേശം 60,000 ടൺ പഞ്ചസാരയുമായി എത്തിയ ഈ കൂറ്റൻ കപ്പലിന് തുറമുഖത്ത് സൗകര്യമൊരുക്കിയത്.

തുറമുഖത്തെ 29-ാം നമ്പർ ബെർത്തിന്റെ ആഴം 13 മീറ്ററായി വർധിപ്പിച്ചതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് ഇത്രയും വലിയൊരു കപ്പലിനെ സുരക്ഷിതമായി അടുപ്പിക്കാൻ സഹായിച്ചതെന്ന് സൗദി ജനറൽ പോർട്ട് അതോറിറ്റി (മവാനി) അറിയിച്ചു. രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെയും പൊതു ചരക്കുകളുടെയും വിതരണ ശൃംഖല കൂടുതൽ സുഗമമാക്കുന്നതിൽ ജിദ്ദ തുറമുഖത്തിനുള്ള നിർണായക പങ്കിനെ അടിവരയിടുന്നതാണ് ഈ നേട്ടം.

ഭക്ഷ്യസുരക്ഷാ രംഗത്ത് തുറമുഖത്തി​െൻറ സന്നദ്ധതയും കാര്യക്ഷമതയും ശക്തിപ്പെടുത്തുക, വലിയ ഭാരവാഹകശേഷിയുള്ള കപ്പലുകളെ കൂടുതൽ ഉൾക്കൊള്ളാൻ തക്കവണ്ണം കടൽത്തീര ബെർത്തുകൾ വികസിപ്പിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, രാജ്യത്തെ അനുബന്ധ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും തുറമുഖത്തെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി യുനൈറ്റഡ് ഷുഗർ കമ്പനിയുമായുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കാനും ഈ വികസന നേട്ടം വഴിതുറക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Historic achievement at Jeddah Port: For the first time, a large cargo ship capacity of 60,000 tons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.