റിയാദ് മെട്രോയുടെ 3, 4, 6 ലൈനുകളിലേക്ക് പുതിയ കൂടുതൽ ട്രെയിനുകൾ
റിയാദ്: റിയാദ് മെട്രോയുടെ 3, 4, 6 ലൈനുകളിലേക്ക് ഡ്രൈവറില്ലാത്ത കൂടുതൽ മെട്രോ ട്രെയിനുകൾ വിതരണം ചെയ്യുന്നതിന് റിയാദ് റോയൽ കമ്മീഷനുമായി അൽസ്റ്റോം കമ്പനി ഏകദേശം 460 ദശലക്ഷം യൂറോയുടെ കരാർ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം റിയാദ് മെട്രോ ശൃംഖലയുടെ തുടർച്ചയായ വിപുലീകരണത്തിന് ഇത് സഹായകരമാകും. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് നിലവിലുള്ള ട്രെയിനുകളുടെ എണ്ണം വിപുലീകരിക്കാനും യാത്രാശേഷി വർധിപ്പിക്കാനും ഉയർന്ന നിരക്കിൽ സർവീസുകൾ നടത്താനും പുതിയ ട്രെയിനുകൾ പിന്തുണക്കും. 3, 4, 6 ലൈനുകളുടെ നിലവിലുള്ള പ്രവർത്തന-പരിപാലന കരാറിന് കീഴിൽ ട്രെയിനുകളുടെ പരിപാലന ചുമതലയും അൽസ്റ്റോം നിർവഹിക്കും. റിയാദ് മെട്രോ ശൃംഖലയിലേക്ക് ഡ്രൈവറില്ലാത്ത 116 ട്രെയിനുകൾ കൈമാറിയതിന് ശേഷമുള്ള അൽസ്റ്റോമും റിയാദ് നഗരത്തിനായുള്ള റോയൽ കമ്മീഷനും തമ്മിലുള്ള പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് ഈ പുതിയ ഓർഡർ.2024 അവസാനത്തോടെ റിയാദ് മെട്രോ യാത്രക്കാർക്കായി പ്രവർത്തനമാരംഭിച്ചതു മുതൽ 100 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സൗദി തലസ്ഥാനത്തെ ദൈനംദിന യാത്രാ സംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി നിലവിൽ മെട്രോ മാറിക്കഴിഞ്ഞു. പുതിയ ഓർഡർ കമ്പനിക്ക് ലഭിച്ച വിശ്വാസ്യതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കയിലെഅൽസ്റ്റോം റീജിയണൽ ഹെഡ്ക്വാർട്ടേഴ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഖലീൽ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവും സുസ്ഥിരവുമായ സേവനങ്ങൾ നൽകിക്കൊണ്ട് മെട്രോ സംവിധാനം വിപുലീകരിക്കാനും വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുമുള്ള ശ്രമങ്ങളെ ഇത് പിന്തുണക്കു ന്നുവെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ലൈനിലുടനീളം സർവീസുകളുടെ വേഗത മെച്ചപ്പെടുത്തുന്നതിനും യാത്രാശേഷി വർധിപ്പിക്കുന്നതിനുമൊപ്പം പുതിയ ട്രെയിനുകൾ പ്രവർത്തനപരമായ കാര്യക്ഷമതയും വർധിപ്പിക്കുന്നു. ഇത് യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറക്കാനും കൂടുതൽ സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവറില്ലാത്ത 'മെട്രോപോളിസ്' ട്രെയിനുകളും അൽസ്റ്റോമിന്റെ 'ഉർബാലിസ് സി.ബി.ടി.സി' സിഗ്നലിങ് സാങ്കേതികവിദ്യയും ഉപയോഗിച്ച് പൂർണ മായും ഓട്ടോമേറ്റഡ് ആയ റിയാദ് മെട്രോ ശൃംഖലയിലാണ് പുതിയ ട്രെയിനുകളും പ്രവർത്തിക്കുക. ഇത് തിരക്കേറിയ സമയങ്ങളിൽ കൂടുതൽ തവണ ട്രെയിനുകൾ സർവീസ് നടത്താൻ പിന്തുണ നൽകുന്നു. 2030ലെ വേൾഡ് എക്സ്പോയ്ക്ക് സേവനം നൽകുന്ന യല്ലോ ലൈൻ ഉൾപ്പെടെയുള്ളവ റിയാദ് മെട്രോ സംവിധാനത്തിൽ ഉൾപ്പെടുന്നു. തലസ്ഥാനത്തെ നഗര ഗതാഗത ശൃംഖലയുടെ വളർച്ചയെ പിന്തുണക്കുന്നതിനും സുരക്ഷിതവും വിശ്വസനീയവും ഉയർന്ന ആവൃദ്ധിയുള്ളതുമായ സേവനങ്ങൾ നൽകാനുമാണ് പുതിയ പരിഹാരങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.