‘ബലാഗ്’ സംരംഭത്തിന് തുടക്കംകുറിച്ച് ആഭ്യന്തര മന്ത്രാലയം
റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം ‘ബലാഗ്’ എന്ന പേരിലുള്ള പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. സമൂഹത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന പ്രവർത്തനങ്ങളെയും പ്രവണതകളെയും കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന സംസ്കാരം വളർത്തിയെടുക്കാനും സുരക്ഷാ ബോധം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ സുരക്ഷാ-സമാധാന സംവിധാനങ്ങളെ കൂടുതൽ പിന്തുണയ്ക്കുകയും ചെയ്യുക, സുരക്ഷാ റിപ്പോർട്ടുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രങ്ങൾ (911), 'കുല്ലുനാ അമിൻ' ആപ്ലിക്കേഷൻ എന്നിവയിലൂടെ വിവരങ്ങൾ നൽകുന്നതിനുള്ള വഴികൾ പരിചയപ്പെടുത്തുക, അപകടങ്ങൾ തടയുന്നതിനും സുരക്ഷാ സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിനുമായി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയും ഈ സംരംഭം ലക്ഷ്യമിടുന്നു.
പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇന്നു മുതൽ 60 ദിവസത്തേക്ക് ഈ സംരംഭത്തിൽ പങ്കെടുക്കാം. സുരക്ഷാ സംസ്കാരം പ്രചരിപ്പിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതന ആശയങ്ങൾ സമർപ്പിച്ചും ബോധവൽക്കരണവും സർഗ്ഗാത്മകവുമായ ഉള്ളടക്കങ്ങൾ നിർമ്മിച്ചുമാണ് ഇവർക്ക് പങ്കെടുക്കാനാകുക. വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കുക, ഇൻഫോഗ്രാഫിക് ഡിസൈനുകൾ തയ്യാറാക്കുക, സർഗ്ഗാത്മക കലാവിഷ്കാരങ്ങൾ, സുരക്ഷാ റിപ്പോർട്ടുകളുടെ പ്രാധാന്യവും സമൂഹത്തെ സംരക്ഷിക്കുന്നതിൽ അവയുടെ പങ്കും വ്യക്തമാക്കുന്ന ദൃശ്യ-അച്ചടി മാധ്യമ റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിക്കാനും ഈ പദ്ധതി പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നു. ആധുനിക മാധ്യമങ്ങളുടെയും ആശയവിനിമയ മാർഗ്ഗങ്ങളുടെയും വളർച്ചക്ക് അനുസൃതമായി നൂതനമായ രീതിയിലൂടെ ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കുന്നതിന് അറേബ്യൻ കോൺട്രാക്റ്റിങ് സർവീസസ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.