ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം 2018 ൽ ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പ്രഫ. അബ്ദുൽ ഹഖീം ബിൻ മുഹമ്മദ് അൽതമിമി. മക്ക മേഖല പുനർനിർമാണ പദ്ധതി സമ്മേളനത്തിൽ ‘മേഖലയുടെ വികസനത്തിൽ ഗതാഗതത്തിെൻറ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പദ്ധതികൾ നടപ്പാക്കുന്ന മേഖലയായി മക്ക ഇപ്പോൾ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ വിമാനത്താവള പദ്ധതി വലിയ പദ്ധതികളിലൊന്നാണ്. ഒരേ സമയത്ത് 70 ഒാളം വിമാനങ്ങളെ സ്വീകരിക്കാൻ പാകത്തിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. ത്വാഇഫിലും പുതിയ വിമാനത്താവളത്തിന് നടപടി തുടങ്ങിയിട്ടുണ്ട്. 2020 ൽ ഇത് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഹജ്ജ് ഉംറ തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.അൽഹറമൈൻ ട്രെയിൻ സർവീസ് അടുത്ത മാർച്ച് മുതൽ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുഗതാഗത അതോറിറ്റി മേധാവി ഡോ.റുമൈഹ് അൽറുമൈഹ് പറഞ്ഞു. പരീക്ഷണ ഒാട്ടം പൂർത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും സർവീസ് ആരംഭിക്കുക. ജിദ്ദ സുലൈമാനിയയിലെ സ്റ്റേഷൻ നിർമാണ ജോലികൾ വേഗത്തിൽ പൂർത്തിയാകാൻ മറ്റൊരു കോൺട്രാക്ടിങ് കമ്പനിക്ക് കൈമാറിയിട്ടുണ്ട്. പുതിയ ബസ് പദ്ധതി നാല് മാസത്തിന് ശേഷം ആരംഭിക്കും. പഴയ ബസുകൾ ഒഴിവാക്കും. ലൈസൻസുള്ള ഡ്രൈവർമാർ യോഗ്യരും താൽപര്യമുള്ളവരുമാണെങ്കിൽ പുതിയ ബസുകളിൽ ജോലിക്ക് നിയമിക്കുകയോ, അനുബന്ധമായ മറ്റ് ജോലികൾ നൽകുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.