ന്യൂ ഏജ് ഇന്ത്യ സംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച സുധാകർ റെഡ്ഡി, വാഴൂർ സോമൻ എം.എൽ.എ അനുസ്മരണ പരിപാടിയിൽനിന്ന്
റിയാദ്: സി.പി.ഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെയും പീരുമേട് എം.എൽ.എ വാഴൂർ സോമന്റെയും നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സംസ്കാരിക വേദി അനുസ്മരണം നടത്തി.ഏഴു വർഷക്കാലം ദേശീയതലത്തിൽ പാർട്ടിയെ നയിച്ച മുൻ പാർലമെന്റ് അംഗവുമായിരുന്ന സുധാകർ റെഡ്ഡി ആന്ധ്രയിലെ വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളിലൂടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ദേശീയ ജനറൽ സെക്രട്ടറി ആവുകയായിരുന്നു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനമായിരുന്നു എക്കാലവും അദ്ദേഹം അനുവർത്തിച്ചു പോന്നിരുന്നതെന്ന് യോഗം അനുസ്മരിച്ചു..
വിദ്യാർഥി സംഘടന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച വാഴൂർ സോമൻ എം.എൽ.എ തോട്ടം തൊഴിലാളി പ്രസ്ഥാനത്തിലേക്ക് കടന്നുവരുകയും തൊഴിൽ രംഗത്ത് ഏറെ ചൂഷണവും കഷ്ടതയും അനുഭവിച്ചിരുന്ന തൊഴിലാളികളുടെ സംരക്ഷകനായി പ്രവർത്തനം കേന്ദ്രീകരിക്കുകയായിരുന്നു. തദ്ഫലമായി പൊലീസിന്റെയും കമ്പനി ഗുണ്ടകളുടെയും നിർദാക്ഷിണ്യമില്ലാത്ത ഭീകര മർദനത്തിനിരയായതിനാൽ ദീർഘകാല ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത പൊതുപ്രവർത്തകനാണ്.
നിയമസഭ സാമാജികൻ എന്ന നിലയിൽ സഭക്കകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിലും തൊഴിലാളിവർഗ ക്ഷേമ പ്രവർത്തനങ്ങളിലും ഇടപെട്ടുകൊണ്ട് ജനകീയ മുഖം നിലനിർത്തി പ്രവർത്തിച്ചിരുന്നുവെന്ന് യോഗം വിലയിരുത്തി.അനുശോചനയോഗത്തിൽ കോശി മാത്യു അധ്യക്ഷനായിരുന്നു. സമീർ പരപ്പനങ്ങാടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു. എം. സാലി ആലുവ, വിനോദ് കൃഷ്ണ, അഷറഫ് മൂവാറ്റുപുഴ, ശുഹൈബ് സലീം, ഷാനവാസ്, നൗഷാദ് ചിറ്റാർ, ഷാജഹാൻ കായംകുളം, നൗഷാദ് കായംകുളം, സജീർ ഖാൻ എന്നിവർസംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.