ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി യോഗം
ദമ്മാം: ‘നീറ്റ്’ പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്നതാണെന്ന് ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി നിശ്ചയിക്കുന്ന പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച, സംഘടിത തട്ടിപ്പ്, പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ച, സാമ്പത്തിക സ്വാധീനം എന്നിവ പുറത്തുവന്നത് അതീവ ആശങ്കാജനകമാണ്.
വിദ്യാർഥികളുടെ വർഷങ്ങളായുള്ള അധ്വാനവും കുടുംബങ്ങളുടെ പ്രതീക്ഷകളും ഒരു ദിവസത്തെ പരീക്ഷയിലേക്ക് മാത്രം ചുരുക്കുന്ന നിലവിലെ രീതി വലിയ മാനസിക സമ്മർദത്തിനും സാമൂഹിക അസമത്വത്തിനും കാരണമാകുന്നു. കോച്ചിങ് സെൻററുകളെ ആശ്രയിച്ചുള്ള മത്സരരീതി സാധാരണക്കാരായ വിദ്യാർഥികളെ പിന്നോട്ടടിക്കുന്നുണ്ടെന്നും പ്രാദേശിക ഭാഷകളിൽ പഠിക്കുന്നവർക്കും ഗ്രാമീണ മേഖലയിലെ കുട്ടികൾക്കും തുല്യ അവസരം ലഭിക്കുന്നില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചു.
പരീക്ഷാ മാഫിയകളുടെ ഇടപെടൽ തടയാനും വിദ്യാഭ്യാസ മേഖലയിലെ അഴിമതി ഇല്ലാതാക്കാനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. നീറ്റ് പരീക്ഷാ സംവിധാനം സമഗ്രമായി പുനഃപരിശോധിക്കണമെന്നും, വർഷത്തിൽ ഒന്നിലധികം തവണ പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും സ്കൂൾ അക്കാദമിക് പ്രകടനത്തിന് കൂടി മുൻഗണന നൽകുന്ന പുതിയ മാതൃക ആവിഷ്കരിക്കണമെന്നും കമ്മിറ്റി കേന്ദ്ര സർക്കാറിനോടും ബന്ധപ്പെട്ട ഏജൻസികളോടും ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി പ്രസിഡൻറ് ഷമീർ പത്തനാപുരം അധ്യക്ഷത വഹിച്ചു. ഫൈസൽ കോട്ടയം, സഈദ് ഹമദാനി, ജോഷി ബാഷ, നവാസ് കൊല്ലം, റഹ്മത്ത് ഖാൻ, ഷാഹിന ഫൈസൽ, ഫൗസിയ ഷാക്കിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.